കണ്ണൂര്‍: ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ് ജനുവരി 30 കണ്ണൂരില്‍ നടക്കും. വ്യവസായമന്ത്രി പി രാജീവ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ പുതിയ തെരുവിലെ മാഗ്നെറ്റ് ഹോട്ടലില്‍ രാവിലെ പത്തര മുതലാണ് കോണ്‍ക്ലേവ്. ഇന്‍വസ്റ്റ് കേരള ഉച്ചകോടിയെക്കുറിച്ചും സംസ്ഥാന വ്യവസായവകുപ്പിന്‍റെ പുതിയ ഉദ്യമങ്ങളെക്കുറിച്ചും വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തും.
കെഎസ്ഐഡിസി ഡയറക്ടറും വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ് എംഡിയുമായ പി കെ മായന്‍ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. മലബാറിലെ വ്യവസായ ആവാസവ്യവസ്ഥ എന്ന വിഷയത്തില്‍ പ്രമുഖ വ്യവസായിയും വികെസി ഗ്രൂപ്പ് എംഡിയുമായ വികെസി റസാഖ് സംസാരിക്കും.
കെഎസ്ഐഡിസി എംഡി എസ് ഹരികിഷോര്‍, വ്യവസായവകുപ്പ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരി കൃഷ്ണന്‍ ആര്‍ തുടങ്ങിയവര്‍ സംസാരിക്കും.