ചരിത്രത്തിലാദ്യമായി 1000 കോടിയെന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികെ മലയാള സിനിമ. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985 കോടിയോളം രൂപ ഗ്രോസ് കളക്ഷൻ നേടിയ മോളിവുഡ് ഈ മാസം ടർബോ, ഗുരുവായൂരമ്പല നടയിൽ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതോടെ വരുമാന നേട്ടത്തിൽ 1000 കോടി പിന്നിടും.
ഇന്ത്യൻ സിനിമയിൽ 2024-ലെ ഗ്രോസ് കളക്ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയിൽ നിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രം.
2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർ.ഡി.എക്സ്, നേര് എന്നീ വിജയചിത്രങ്ങൾ പിറന്ന കഴിഞ്ഞവർഷം 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ.
ഇക്കൊല്ലം ആറുമാസം കൊണ്ട് വെറും എട്ടു സിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്.
അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തിൽ നല്ലൊരു പങ്കും കേരളത്തിന് വെളിയിൽനിന്നാണ്.
100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ ‘മഞ്ഞുമ്മൽബോയ്സ്’ തമിഴ്നാട്ടിൽനിന്ന് വാരിയെടുത്തത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളർ നേടിയ ഈ സിനിമ കർണാടകയിലും 10 കോടിക്കടുത്ത് നേടി.
പ്രേമലു, ഭ്രമയുഗം, ആടുജീവിതം എന്നിവയും ഇതരഭാഷകളിൽ വിജയമായി.