Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സിനിമകളുടെ ഒടിടി റിലീസുകൾക്ക് നിയന്ത്രണം; മലയാളം വെബ് സീരീസ് ലക്ഷ്യമിട്ട് ഒടിടി വമ്പന്മാർ

തൃശൂർ: സിനിമകൾക്കു ഒടിടി നിയന്ത്രണം വന്നു തുടങ്ങിയതോടെ ഒടിടി പ്ലാറ്റ്ഫോമുകൾ വെബ് സീരീസ് രംഗത്തേക്കു നീങ്ങാൻ ഒരുങ്ങുന്നു. മലയാളം വെബ് സീരീസ് തുടങ്ങാനായി വൻകിട ഒടിടികളുടെ അവസാന ഘട്ടം പരിഗണനയിലാണ് മലയാളത്തിലെ എട്ടോളം യുവ സംവിധായകർ.
ജനുവരിയോടെ മലയാളം വെബ് സീരിസുകൾ സജീവമാകും. എല്ലാം സംവിധാനം ചെയ്യുന്നതു മലയാള സിനിമയിലെ യുവ സംവധായകർ തന്നെ. ദുൽഖർ സൽമാ‍ൻ അഭിനയിക്കുന്ന നെറ്റ് ഫ്ലിക്സ് ഹിന്ദി വെബ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് ഷൂട്ടിങ് തുടരുകയാണ്. ഇതു വരുന്നതോടെ ദുൽഖറിന്റെ താരമൂല്യം ഉയരും.

സ്വാഭാവികമായും മലയാളത്തിലെ പ്രമുഖ താരങ്ങളെത്തേടിയും ഓഫറെത്തും. തമിഴിലും തെലുങ്കിലും യുവ സംവിധായകർ വെബ് സീരിസിലുണ്ടാക്കിയ നേട്ടമാണു മലയാളത്തിലേക്കു കടക്കാ‍ൻ ഒടിടികളെ പ്രേരിപ്പിച്ചത്. രണ്ടു ഭാഷയിലേയും വെബ് സീരിസുകൾ കച്ചവടത്തി‍ൽ ഹിന്ദി സീരീസുകളെ മറികടന്നു. അല്ലു അർജുൻ, വിജയ് ദേവര കൊണ്ട എന്നിവർ പണമിറക്കി തുടങ്ങിയ തെലുങ്ക് ഒടിടി വൻ ഹിറ്റാണ്.

തിയറ്റർ റിലീസ് ചെയ്ത് 56 ദിവസം കഴിഞ്ഞേ ഒടിടി റിലീസ് അനുവദിക്കൂ എന്ന നിബന്ധന മലയാള സിനിമയിലെ വിവിധ സംഘടനകൾ ശക്തമാക്കുകയാണ്. ഹിന്ദിയിലും ഇത്തരം നിയന്ത്രണങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ഇതോടെയാണു പ്രാദേശിക വെബ് സീരിസുകൾ ശക്തമാക്കാൻ ഒടിടികൾ തീരുമാനിച്ചത്. രണ്ടു പ്രമുഖ ഒടിടികൾ കേരളത്തിൽ വെബ് സിരീസ് തിരഞ്ഞെടുപ്പിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. നെറ്റ്ഫ്ലിക്സ് പ്രമുഖ യുവ സംവിധായകരുമായി രണ്ടു തവണ ചർച്ച നടത്തി. സീയും നാലു യുവ സംവിധായകരുമായി കരാർ ഒപ്പിടുന്ന ഘട്ടത്തിലാണ്.

യുവ താരങ്ങൾക്കും സാങ്കേതിക വിദഗ്ധർക്കുമാണ് ഇതിന്റെ നേട്ടമുണ്ടാകുക. സിനിമയിൽ മികവു തെളിയിച്ചവരെയും സഹായികളെയും മാത്രമാണു വെബ് സീരീസിനായി ഉപയോഗിക്കുന്നത്. സിനിമ ചെയ്യുന്ന സമയംകൊണ്ടു വെബ് സീരീസ് ഷൂട്ടിങ് പൂർത്തിയാകുന്ന വിധത്തിലാണ് ആസൂത്രണം. 8 എപ്പിസോഡുകളുടെ പരമ്പരയാണ് എല്ലാവരും ലക്ഷ്യമിടുന്നത്.

X
Top