കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മ്യൂച്വൽ ഫണ്ടിലെ മലയാളി നിക്ഷേപം 70,000 കോടി കടന്നു

മുംബൈ: സമ്പാദ്യം വളർത്താൻ മ്യൂച്വൽ ഫണ്ടിൽ മലയാളികൾ കൂടുതൽ പണമെറിയുന്നു. അഞ്ചുവർഷം കൊണ്ട് മൊത്തം മലയാളി നിക്ഷേപം ഇരട്ടിയിലധികമായാണ് കുതിച്ചു വളർന്നത്.

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi/ആംഫി) ജൂണിലെ കണക്കുപ്രകാരം കേരളത്തിൽ നിന്നുള്ള മൊത്തം മ്യൂച്വൽ ഫണ്ട് നിക്ഷേപ ആസ്തി (എയുഎം/AUM) 73,451.94 കോടി രൂപയെന്ന എക്കാലത്തെയും ഉയരത്തിലെത്തി.

ആസ്തി 70,000 കോടി രൂപ ഭേദിച്ചത് ആദ്യമാണ്. മേയിൽ 69,501 കോടി രൂപയായിരുന്നു. കഴിഞ്ഞവർഷം ജൂണിൽ ഇത് 50,733 കോടി രൂപയും.

2019 ജൂണിൽ 26,700 കോടി രൂപ മാത്രമായിരുന്നു മ്യൂച്വൽ ഫണ്ടിലെ മലയാളിപ്പണം. 10 വർഷം മുമ്പ് (2014ൽ) 7,927 കോടി രൂപയും. ഇതാണ് ഒരു ദശാബ്ദത്തിനിടെ പലമടങ്ങ് മുന്നേറി 70,000 കോടി രൂപ ഭേദിച്ചത്.

സ്ഥിരനിക്ഷേപം (FD), ചിട്ടി, സ്വർണം, ഭൂമി എന്നിങ്ങനെ പരമ്പരാഗത മാർഗങ്ങളിൽ നിന്ന് മലയാളികൾ സമ്പാദ്യം അതിവേഗം വളർത്താൻ മ്യൂച്വൽ ഫണ്ടുകളിലേക്കും ചുവടുമാറുന്നതായി വ്യക്തമാക്കുന്നതാണ് ഈ വളർച്ചാക്കണക്കുകൾ.

ഓഹരിയധിഷ്ഠിത ഫണ്ടുകളോടാണ് (Equity Oriented) കേരളീയർക്ക് കൂടുതൽ ഇഷ്ടമെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം നിക്ഷേപ ആസ്തിയിൽ 55,794.28 കോടി രൂപയും ഇക്വിറ്റി സ്കീമുകളിലാണ്. മേയിൽ ഇത് 55,211 കോടി രൂപയും 2023 ജൂണിൽ 35,820 കോടി രൂപയുമായിരുന്നു.

കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ലിക്വിഡ് സ്കീമുകളിലെ മൊത്തം നിക്ഷേപം 2023 ജൂണിലെ 2,297 കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 3,289.19 കോടി രൂപയിലെത്തി. കടപ്പത്രാധിഷ്ഠിതമായ മറ്റ് സ്കീമുകളിലെ (other debt oriented) നിക്ഷേപം ഒരുവർഷം മുമ്പ് 6,200 കോടി രൂപയായിരുന്നത് ഇക്കുറി ജൂണിൽ 6,648.05 കോടി രൂപയായി.

ഓഹരിയിലും കടപ്പത്രങ്ങളിലും ഒരുപോലെ നിക്ഷേപിക്കുന്ന ബാലൻസ്ഡ് ഫണ്ടുകളിലെ നിക്ഷേപം 4,704 കോടി രൂപയിൽ നിന്ന് 6,371.2 കോടി രൂപയിലെത്തി.

കേരളീയർ ഏറ്റവും കുറവ് നിക്ഷേപം നടത്തിയിട്ടുള്ളത് ഗോൾഡ് ഇടിഎഫിലാണ്. ജൂണിലെ കണക്കുപ്രകാരം 175.24 കോടി രൂപ. മേയിൽ 169.78 കോടി രൂപയും കഴിഞ്ഞവർഷം ജൂണിൽ 113.06 കോടി രൂപയുമായിരുന്നു.

മറ്റ് ഇടിഎഫുകളിലെ നിക്ഷേപം മേയിലെ 905.22 കോടി രൂപയിൽ നിന്ന് കഴിഞ്ഞമാസം 970.03 കോടി രൂപയായി. ഒരുവർഷം മുമ്പിത് 602 കോടി രൂപയായിരുന്നു.

X
Top