
കൊച്ചി: ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍റെ ആക്സിലേറ്റര്‍ പ്രോഗ്രാമിന് കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പായ ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ തെരഞ്ഞെടുക്കപ്പെട്ടു.
അഗ്രിഫുഡ് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് വികസനത്തിന് സഹായിക്കുന്നതിനൊപ്പം ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്ക് സംഭാവന നല്‍കുന്നതിനായാണ് എസ്ഡിജി അഗ്രിഫുഡ് ആക്സിലറേറ്റര്‍ പരിപാടിക്ക് തുടക്കം കുറിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 12 സ്റ്റാര്‍ട്ടപ്പുകളെയാണ് ആക്സിലറേറ്റര്‍ പരിപാടിയിലേക്ക് തെരഞ്ഞെടുത്തത്. ഇതില്‍ ഇന്ത്യയില്‍ നിന്നും അവസരം ലഭിച്ച രണ്ട് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നാണ് മലയാളിയായ പ്രദീപ് പി.എസ് നേതൃത്വം നല്‍കുന്ന ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍.
പ്രാദേശിക ഉത്പാദനവും പ്രാദേശിക ഉപഭോഗവും എന്നതിനെ ആസ്പദമാക്കി ഫാം ടു ഫോര്‍ക്ക് ആസ് സാസ് എന്ന ആശയത്തിലൂടെ ഭക്ഷണം പാഴാക്കാതെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്ന സസ്റ്റെയ്നബിള്‍ വേ ഓഫ് ഡൂയിങ് ബിസിനസ് മോഡല്‍ അവതരിപ്പിച്ചതിനാണ് ഫാര്‍മേഴ്സ് ഫ്രഷ് സോണിനെ തെരഞ്ഞെടുത്തത്.
ഈ മോഡല്‍ മറ്റു ലോകരാജ്യങ്ങളില്‍ അവതരിപ്പിക്കാനും അവിടത്തെ വിപണിക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താനും ആവശ്യമായ സാമ്പത്തികവും അല്ലാത്തതുമായ വിദഗ്ധോപദേശവും ആക്സിലറേറ്റര്‍ പ്രോഗ്രാമിന്‍റെ ഭാഗമായി ലഭിക്കുമെന്ന് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ ഫൗണ്ടര്‍ പ്രദീപ് പി.എസ് പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ സീഡ് ലോ കാര്‍ബണ്‍ അവാര്‍ഡിന് ഫാര്‍മേഴ്സ് ഫ്രഷ് സോണ്‍ നേരത്തെ പരിഗണിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ നാല് ജില്ലകളിലായി മൂന്നു ലക്ഷത്തിലധികം ഉപഭോക്താക്കളും രണ്ടായിരത്തിലധികം കര്‍ഷകരും ഫാര്‍മേഴ്സ് ഫ്രഷ് സോണിന്‍റെ ഭാഗമാണ്.
ജൂലൈയില്‍ റോമില്‍ നടക്കുന്ന ചടങ്ങില്‍ ഫാര്‍മേഴ്സ് ഫ്രഷ് സോണിനെ പ്രതിനിധീകരിച്ച് പ്രദീപ് പി.എസ് പങ്കെടുക്കും.