കഴിഞ്ഞ കുറെ നാളുകളായി ശിശു സംരക്ഷണം, സൗന്ദര്യം, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണിയിൽ ശക്തമായ വളർച്ച ഉണ്ടായതായി കാണാം. ആളുകൾ ഇപ്പോൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തുകയും വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും ഇല്ലാത്ത അവശ്യവസ്തുക്കൾക്കായി തിരയുകയും ചെയ്യുന്നു.
ആരോഗ്യകരമായ സൗന്ദര്യവും ഇക്കോ-നൈതിക ഉൽപ്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പ്രധാന ബ്രാൻഡുകൾ ഈ മാറ്റത്തെ സ്വീകരിച്ചു.
ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബ്രാൻഡ് 2016 മുതൽ ഇന്ത്യയിൽ ശ്രദ്ധേയമായ നീക്കം കാഴ്ചവെച്ചിട്ടുണ്ട്. ഈ കമ്പനി ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെ നിലവാരം പുനർനിർവചിക്കുകയും ഇന്ത്യക്കാർ ഇഷ്ടപ്പെടുന്ന ഓർഗാനിക് ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളുടെ നിർമ്മാതാവായി വളരുകയും ചെയ്തു.
മാമേർത്ത് എന്ന ബ്രാൻഡിനെ പറ്റിയും അവരുടെ അടുത്തിടെ ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുമുള്ള Honasa Consumer Ltd എന്ന കമ്പനിയെ പറ്റിയുമാണ് ഇന്നത്തെ ലേഖനത്തിലൂടെ ചർച്ചചെയ്യുന്നത്.
മാമ എര്‍ത്തിന്റെ തുടക്കം
ഗസൽ അലഗും വരുൺ അലഗും തങ്ങളുടെ കുഞ്ഞിന്റെ ത്വക്ക് അവസ്ഥയെ ചികിത്സിക്കുന്നതിനുള്ള ഉൽപ്പന്നങ്ങൾക്കായി തിരഞ്ഞപ്പോഴാണ്, ഇന്ത്യൻ വിപണിയിൽ ഹാനികരമായ വിഷവസ്തുക്കൾ നിറഞ്ഞ ജനറിക് ഉൽപ്പന്നങ്ങൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരം ഉൽപ്പന്നങ്ങളിലെ മിക്ക ചേരുവകളും പാശ്ചാത്യ രാജ്യങ്ങളിൽ നിരോധിച്ചിരിക്കുന്നവയാണ്.
ഒടുവിൽ അവർ യുഎസിൽ നിന്ന് ശിശു സംരക്ഷണ ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്തു. അത് ചെലവേറിയതും അസൗകര്യപ്രദവുമായി മാറി. ഇന്ത്യയിലുള്ള അനേകം രക്ഷിതാക്കൾ ഇതേ പ്രശ്നം നേരിടുന്നതായി അവർ തിരിച്ചറിഞ്ഞു.
സുരക്ഷിതവും വിശ്വസനീയവും താങ്ങാനാവുന്നതുമായ ശിശു സംരക്ഷണ ഉൽപ്പന്നങ്ങളുടെ ഒരു നിര സൃഷ്ടിക്കാൻ ഇരുവരും പുറപ്പെട്ടു. 2016 ഡിസംബറിൽ വരുണും ഗസലും തങ്ങളുടെ സ്വന്തം പോക്കറ്റിൽ നിന്ന് 90 ലക്ഷം രൂപ നിക്ഷേപിച്ച് കൊണ്ട് മാമേർത്ത് സ്ഥാപിച്ചു.
500 നഗരങ്ങളിലായി 50 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ ബ്രാൻഡ് സേവനം നൽകുന്നു. ആമസോൺ, ഫ്ലിപ്കാർട്ട്, നൈയ്ക്ക പോലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇന്ത്യയിലെ 30,000 പോയിന്റ് ഓഫ് സെയിൽസ് സ്റ്റോറുകളിൽ നിന്നും നിങ്ങൾക്ക് മാമേർത്തിന്റെ ഉത്പ്പന്നങ്ങൾ വാങ്ങാം.
മാമേർത്ത് കൂടാതെ, ദി ഡെർമ കോ., അക്വാലോജിക്ക, ആയുഗ തുടങ്ങിയ ഡിജിറ്റൽ- ഫസ്റ്റ് ബ്രാൻഡുകളും കമ്പനിക്കുണ്ട്.
ഫണ്ടിംഗും നിക്ഷേപവും
2022ലെ ആദ്യത്തെ യൂണികോൺ ആയപ്പോൾ ഹോനാസ കൺസ്യൂമർ വാർത്തകളിൽ ഇടം നേടി. സെക്വോയ, സോഫിന വെഞ്ചേഴ്‌സ് തുടങ്ങിയ പ്രമുഖ നിക്ഷേപകരിൽ നിന്ന് 1.2 ബില്യൺ ഡോളർ മൂല്യത്തിൽ 52 മില്യൺ ഡോളർ കമ്പനി സമാഹരിച്ചു.
ക്രഞ്ച്ബേസ് അനുസരിച്ച്, കമ്പനി ഇതുവരെ 8 ഫണ്ടിംഗ് റൗണ്ടുകളിൽ നിന്ന് മൊത്തം 111.6 ദശലക്ഷം ഡോളർ സമാഹരിച്ചു. ശിൽപ ഷെട്ടിയുടെയും ഇവോൾവൻസ് ഇന്ത്യ ഫണ്ടിന്റെയും പിന്തുണയും എച്ച്‌സിഎല്ലിനുണ്ട്.
വരുൺ അലഗിന്റെ കൈവശമാണ് കമ്പനിയുടെ ഭൂരിപക്ഷം (38.72%) ഓഹരിയുമുള്ളത്.
കമ്പനിയുടെ വളർച്ച
മെയ്ഡ് സേഫ് സർട്ടിഫയിഡ് ഉത്പന്നങ്ങൾ അവതരിപ്പിച്ച ഏഷ്യയിലെ ആദ്യത്തെ ബ്രാൻഡാണ് മാമേർത്ത്.
100 ശതമാനം പ്രകൃതിദത്തമായ ബാമ്പു ബേസിഡ് ബേബി വൈപ്പ് ഉത്പന്നം ആദ്യമായി അവതരിപ്പിച്ച ബ്രാൻഡ് ആണിത്.
ലോഞ്ച് ചെയ്ത് ആറ് വർഷത്തിനുള്ളിൽ ₹1,000 കോടി വാർഷിക വരുമാനം നേടുന്ന ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ബ്യൂട്ടി, പേഴ്‌സണൽ കെയർ ബ്രാൻഡായി മാമേർത്ത് ഉയർന്നു.
തങ്ങളുടേതായ ഗവേഷണത്തിലൂടെ ഉപഭോക്താക്കൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യാൻ കമ്പനി ശ്രമിക്കാറുണ്ട്. വിൽപ്പന വർദ്ധിപ്പിക്കാൻ കമ്പനിയുടെ ഡിജിറ്റൽ മാർക്കറ്റിംഗിനും സാധിക്കാറുണ്ട്.
2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം എന്ന് 14 കോടി രൂപയായിരുന്നു. 2021ൽ 1332 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.
പ്രധാന വെല്ലുവിളികൾ
ഹിമാലയ, ജോൺസൺ ആൻഡ് ജോൺസൺ, പ്രോക്ടർ ആൻഡ് ഗാംബിൾ, യൂണിലിവർ തുടങ്ങിയ വൻകിട കോർപ്പറേഷനുകളിൽ നിന്ന് മാമേർത്ത് കനത്ത മത്സരം നേരിടുന്നു.
മാമേർത്ത് പോലെയുള്ള ഡിജിറ്റൽ- ഫസ്റ്റ്- ബ്രാൻഡുകൾ സോഷ്യൽ മീഡിയ മാർക്കറ്റിംഗ് കാമ്പെയ്‌നുകളെയും ഇ-കൊമേഴ്‌സ് മാർക്കറ്റിംഗ് സ്ഥലങ്ങളെയും വളരെയധികം ആശ്രയിക്കുന്നു. 2022ൽ ബ്രാൻഡിന്റെ പ്രതിവർഷ പരസ്യ ചെലവ് 120 ശതമാനം ഉയർന്ന് 391 കോടി രൂപയായി.
വളരെ ചുരുക്കം ഉത്പന്നങ്ങളെ മാത്രം ആശ്രയിച്ചാണ് കമ്പനി നീങ്ങുന്നത്. ഇതിലെ ഗുണമേന്മയിൽ ഉണ്ടാകുന്ന ഇടിവ് പ്രതികൂലമായി ബാധിച്ചേക്കും. കമ്പനിക്കും അതിന്റെ അനുബന്ധ സ്ഥാപനങ്ങൾക്കും എതിരെ നാല് ക്രിമിനിൽ കേസുകളും മറ്റു സിവിൽ കേസുകളും നിലനിൽക്കുന്നുണ്ട്.
മുന്നിലേക്ക് എങ്ങനെ ?
കഴിഞ്ഞ ഡിസംബർ 30-ന് ഹോനാസ കൺസ്യൂമർ ലിമിറ്റഡ് ഐപിഒ ആരംഭിക്കുന്നതിനായി സെബിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്തു. പ്രാരംഭ ഓഹരി വിൽപ്പന വഴി 2400 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിൽ 400 കോടി രൂപയുടെ ഫ്രഷ് ഇഷ്യു ഉൾപ്പെടും.
ഐപിഒയിലൂടെ 3 ബില്യൺ ഡോളറിന്റെ വാല്യുവേഷനാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബ്രാൻഡ് വിസിബിലിറ്റ് വർദ്ധിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അതേസമയം കമ്പനിയുടെ ഉയർന്ന മൂല്യത്തെ തുടർന്ന് പലരും ആശങ്ക ഉയർത്തുന്നുണ്ട്. കമ്പനിയുടെ ലാഭത്തിനേക്കാൾ ആയിരം മടങ്ങാണ് ഐപിഒ വാല്യുവേഷനിൽ ലക്ഷ്യമിടുന്നത്.
ഉയർന്ന മൂല്യത്തിൽ വിൽക്കുന്ന ഐപിഒകൾ ബുൾമാർക്കറ്റിൽ മാത്രമെ നിലനിൽക്കുകയുള്ളു. കരടി ആക്രമണത്തിൽ ഇവ കുത്തനെ വീണേക്കാം.