ന്യൂഡല്‍ഹി: 2025 മുതല്‍ എല്ലാ ട്രക്കുകളിലും എയര്‍കണ്ടീഷന്‍ ഡ്രൈവര്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍ബന്ധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എസി കമ്പാര്‍ട്ട്‌മെന്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശമടങ്ങിയ ഫയലില്‍ ഒപ്പുവച്ചതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. മഹീന്ദ്ര ലോജിസ്റ്റിക്‌സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിയായി ചാര്‍ജ്ജെടുത്ത അന്നുതന്നെ ഇതിനായുള്ള നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ചെലവ് കാരണം നടക്കാതെ പോയി. അതേസമയം എസി നിര്‍ബന്ധമാക്കാനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ ഫയലില്‍ ഒപ്പുവച്ചാണ് താന്‍ പരിപാടിയ്‌ക്കെത്തിയതെന്ന് മന്ത്രി അറിയിച്ചു.
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് മതിയായ സൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. ഇതിനായി 570 വഴിയോര സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. 170 എണ്ണത്തിന് ഇതിനോടകം ടെന്‍ഡര്‍ നല്‍കി.
ഹൈവേയുടെ ഓരോ 50 കിലോമീറ്ററിലും ഒരു സൗകര്യകേന്ദ്രമൊരുക്കുകയാണ് ലക്ഷ്യം. ദേശീയപാതകളില്‍ വഴിയോര സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കേന്ദ്രം പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. റോഡപകടങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഗഡ്കരി റോഡുകളുടെ മികച്ച രൂപകല്‍പ്പനയ്‌ക്കൊപ്പം ലെയിന്‍ ഡ്രൈവിംഗ് പ്രോത്സാഹിപ്പിക്കണമെന്നും ശരിയായ നിയമങ്ങള്‍ പാലിക്കാന്‍ ഡ്രൈവര്‍മാരെ പരിശീലിപ്പിക്കണമെന്നും പറഞ്ഞു.
മന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ആമ്പര്‍ എന്റര്‍പ്രൈസ് ഓഹരി 13 ശതമാനം ഉയര്‍ന്നു. 2387 രൂപയിലാണ് നിലവില്‍ സ്റ്റോക്ക്. വെന്റിലേഷന്‍, എയര്‍ കണ്ടീഷനിംഗ് (എച്ച്വിഎസി) പ്രമുഖരാണ് കമ്പനി.