
സ്വര്‍ണക്കട്ടികളുടെ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്ന് മുതല്‍ നടപ്പാക്കില്ലന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചു.
ഈ വിഷയത്തില്‍ ഉണ്ടായ ആശയ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ സ്വര്‍ണ വ്യവസായികളുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷമാകും ഹാള്‍മാര്‍കിംഗ് നടപ്പാക്കുക.
ചര്‍ച്ചകള്‍ നടത്താനായി മന്ത്രിസഭ ഉപസമിതിയെ നിയോഗിച്ചതായി അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കട്ടികളില്‍ നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നടപടികള്‍ എടുത്തുവരുകയാണെന്ന് ബി.ഐ.എസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) തലവന്‍ പ്രമോദ് കുമാര്‍ തിവാരി കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു.
സ്വര്‍ണക്കട്ടികള്‍ ഉപയോഗിച്ചാണ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കുന്നത്. അതിനാല്‍ കട്ടിയുടെ പരിശുദ്ധി പരമ പ്രധാനമായത് കൊണ്ടാണ് ഹാള്‍മാര്‍കിംഗ് നടപ്പാക്കാന്‍ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം തീരുമാനിച്ചത്.
ഇന്ത്യ ഒരു വര്‍ഷം ശരാശരി 800 ടണ്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോഗ രാഷ്ട്രമാണ്.
സ്വര്‍ണാഭരണങ്ങള്‍ക്ക് നിര്‍ബന്ധിത ഹാള്‍മാര്‍കിംഗ് ജൂലൈ ഒന്നിന് നിലവില്‍ വരും.