ന്യൂഡൽഹി: രാജ്യത്ത് 20 ലക്ഷം രൂപ വിലമതിക്കുന്ന ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് വാഹനം (ഇവി) നിർമ്മിക്കുന്നതിനുള്ള പദ്ധതി ചർച്ച ചെയ്യാൻ ടെസ്‌ലയുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്‌ച നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്.
ടെസ്‌ലയുടെ നിലവിലെ ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലായ മോഡൽ 3 സെഡാനേക്കാൾ വളരെ വിലകുറഞ്ഞതാണ് നിർദ്ദിഷ്‌ട ഇവി. മോഡൽ 3 നിലവിൽ ചൈനയിൽ 26 ലക്ഷം രൂപയ്‌ക്ക് മുകളിലാണ് വിൽക്കുന്നത്. പുതിയ ഇവിയെ അതിനേക്കാളും ഏകദേശം 25 ശതമാനം വിലകുറഞ്ഞതായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
20 ലക്ഷം രൂപ പ്രാരംഭ വിലയിൽ കാറുകൾ നിർമ്മിക്കാൻ ടെസ്‌ല പദ്ധതിയിടുന്നതായി ഈ മാസം ആദ്യം വന്ന മറ്റൊരു റിപ്പോർട്ട് സൂചിപ്പിച്ചപ്പോൾ, കുറഞ്ഞ വിലയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും ഇവി നിർമ്മാതാവ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഈ നീക്കം ഇന്ത്യൻ വിപണിയോടുള്ള ടെസ്‌ലയുടെ സമീപനത്തിലെ മാറ്റത്തെ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം, ഇന്ത്യയിലെ ഇറക്കുമതി നികുതി കുറയ്ക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾ പ്രാദേശിക ഉൽപ്പാദനവുമായി ബന്ധപ്പെട്ട സർക്കാർ നയം മൂലം പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ടെസ്‌ല ചുവടുമാറ്റുന്നത്.
ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയാണെങ്കിലും, ഇന്ത്യയിലെ മൊത്തം വാഹന വിൽപ്പനയുടെ 2 ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ ഇവികളുടെ വിഹിതം എന്നതാണ് ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് ടെസ്‌ലയുടെ കടന്നുവരവ്.