കൊച്ചി: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഹിന്ദി ബോക്‌സ് ഓഫീസിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് ചിത്രം . ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ആയിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്.
മലയാളത്തിൽ ചിത്രം റിലീസായ ഡിസംബര്‍ 20 ന് തന്നെയാണ് ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും തിയറ്ററുകളില്‍ എത്തിയത്. 89 സ്ക്രീനുകളിലായിരുന്നു ചിത്രത്തിന്‍റെ ഹിന്ദി റിലീസ്. എന്നാല്‍ ദിവസം കൂടുന്തോറും ചിത്രം റിലീസ് ചെയ്യുന്ന തിയേറ്ററുകളുടെ എണ്ണവും വർധിച്ചു. സിനിമ റിലീസായി മൂന്നാം വാരം എത്തിനിൽക്കുമ്പോൾ 89 സ്ക്രീനുകളിൽ റിലീസായ ചിത്രം ഇപ്പോൾ 1360 സ്ക്രീനുകളിലാണ് പ്രദർശിപ്പിക്കപ്പെടുന്നത്. ഇത് മലയാള സിനിമയ്ക്ക് ലഭിക്കുന്ന വലിയൊരു അംഗീകാരമാണ്.
ആദ്യ ആഴ്ചയിലെ 30 ലക്ഷം രൂപയുടെ കളക്ഷൻ രണ്ടാം ആഴ്ചയിൽ 4.12 കോടിയായി ഉയർന്നു.1273 ശതമാനം വളർച്ചയാണ് മാർക്കോയ്ക്ക് ലഭിച്ചത്. ഹിന്ദി സിനിമയിൽ ഇത്രയും വലിയ വളർച്ച ഒരു മലയാള ചിത്രം നേടിയത് ഇതാദ്യമായാണ്.
ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കലൈ കിംഗ്സൺ നിർവഹിച്ചിരിക്കുന്നു. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ചിത്രം എന്ന ടൈറ്റിലോടെയാണ് മാർക്കോ തിയേറ്ററുകളിൽ എത്തിയത് . മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളാണ് മാർക്കോയിലുള്ളത്. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. സൗത്ത് കൊറിയയിലും ചിത്രം ഉടൻ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയിൽ റിലീസിന് ഒരുങ്ങുന്നത്.