കലിഫോർണിയ: ആസ്തി 200 ബില്യണ്‍ ഡോളർ മറികടക്കുകയെന്ന നാഴികക്കല്ല് പിന്നിട്ട് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഇതോടെ ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി സക്കർബർഗ് മാറി. ബ്ലൂംബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ്, ടെസ്ല സിഇഒ ഇലോണ്‍ മസ്ക്, എൽവിഎംഎച്ച് ചെയർമാൻ ബെർണാഡ് അർനോൾട്ട് എന്നിവരാണ് മാർസക്കർബർഗിന് മുന്നിലുള്ള മറ്റു സമ്പന്നർ. 2 ദിവസം മുൻപ് 201 ബില്യണ്‍ ഡോളർ എത്തിയ സക്കർബർഗിന്റെ ആസ്തി ഇന്ന് 196 ബില്യൺ ഡോളറാണ്.
മെറ്റയിലെ സമ്പാദ്യമാണ് സക്കർബർഗിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും. 13 ശതമാനം ഓഹരികളാണ് (ഏകദേശം 345.5 ദശലക്ഷം ഓഹരികൾ) സക്കർബർഗിന് സ്വന്തമായുള്ളത്. ഈ വർഷം മാത്രം, അദ്ദേഹത്തിന്റെ സമ്പത്ത് 73.4 ബില്യണ്‍ ഡോളർ ആണ് വർധിച്ചത്. 2024 ജനുവരി മുതൽ, മെറ്റയുടെ ഓഹരികൾ ഏകദേശം 60 ശതമാനം ഉയർന്ന് ഒരു ഘട്ടത്തിൽ ഒരു ഷെയറിന് 560 ഡോളറിലധികം എന്ന റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു.