വാഷിംഗ്‌ടൺ: ഫേസ്ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗിന്റെ സമ്പത്തിൽ വൻ ഇടിവ്. സക്കർബർഗിന്റെ സമ്പത്തിൽ നിന്നും 71 ബില്യൺ ഡോളർ ആണ് ഈ വർഷം കുറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 5.65 ലക്ഷം കോടി രൂപ! ലോക സമ്പന്നരുടെ പട്ടികയിൽ മെറ്റാ സിഇഒ ഇപ്പോൾ 20-ാം സ്ഥാനത്താണ്. 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥാനമാണിത് എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
രണ്ട് വർഷം മുമ്പ്, 106 ബില്യൺ ഡോളർ അതായത് 8.44 ലക്ഷം കോടി രൂപ ആസ്തിയുള്ള ആളായിരുന്നു മാർക്ക് സക്കർബർഗ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കമ്പനിയുടെ ഓഹരികൾ 382 ഡോളറിലെത്തിയതിന് ശേഷം സക്കർബർഗിന്റെ സമ്പത്ത് 142 ബില്യൺ ഡോളറിലെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ, സക്കർബർഗ് മെറ്റാ അവതരിപ്പിക്കുകയും കമ്പനിയുടെ പേര് Facebook Inc എന്നതിൽ നിന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. എന്നാൽ അതിനുശേഷം കമ്പനിയുടെ മൂല്യം താഴേക്ക് പോയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരിയിൽ, പ്രതിമാസ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ ഇടിവ് വന്നു. അതിന്റെ ഫലമായി കമ്പനിയുടെ ഓഹരി വിലകളിൽ വൻ തകർച്ച സംഭവിച്ചു. ഒപ്പം മാർക്ക് സക്കർബർഗിന്റെ ആസ്തി 31 ബില്യൺ ഡോളർ കുറയുകയും ചെയ്തു. കമ്പനിയുടെ കണക്കുകൾ പ്രകാരം മെറ്റായിൽ 350 ദശലക്ഷത്തിലധികം ഓഹരികൾ സക്കർബർഗിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ട്.
മെറ്റാവേഴ്സിലെ മെറ്റയുടെ നിക്ഷേപമാണ് ഓഹരിയെ തളർത്തിയത് എന്നാണ് സീനിയർ ഇൻറർനെറ്റ് അനലിസ്റ്റായ ലോറ മാർട്ടിൻ അഭിപ്രായപ്പെടുന്നത്. ഈ വർഷം എതിരാളികളായ ആമസോൺ, ആപ്പിൾ, നെറ്ഫ്ലിക്സ്, ഗൂഗിൾ എന്നിവയെ അപേക്ഷിച്ച് മെറ്റാ മോശം പ്രകടനമാണ് നടത്തിയത്.