ഈ വർഷം ഏറ്റവും കൂടുതൽ സമ്പത്തുണ്ടാക്കിയ വ്യക്തി ആരെന്ന് നിങ്ങൾക്കറിയാമോ? അത് ഇലോൺ മസ്കോ, മുകേഷ് അംബാനിയോ, അദാനിയോ ഒന്നുമല്ല. മെറ്റ സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് 2024ൽ ഇതുവരെ ഏറ്റവുമധികം വരുമാനമുണ്ടാക്കിയിരിക്കുന്നത്.
ഈ വർഷം മാത്രം 54 ബില്യൺ യു.എസ് ഡോളറിന്റെ അഥവാ 448200 കോടി രൂപയുടെ വർധനവാണ് അദ്ദേഹത്തിന്റെ ആസ്തിമൂല്യത്തിൽ ഉണ്ടായിരിക്കുന്നത്.
ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡെക്സ് റിപ്പോർട്ട് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 40% വരെ വർധിച്ച് 182 ബില്യൺ ഡോളറിലേക്കാണ് എത്തി നിൽക്കുന്നത്. ഇതോടെ ലോക ധനികരുടെ പട്ടികയിൽ അദ്ദേഹം നാലാം സ്ഥാനത്തായി.
ആഡംബര ഉല്പന്നങ്ങൾ നിർമിക്കുന്ന ഫ്രെഞ്ച് കമ്പനിയായ LVMH സ്ഥാപകനും, പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള വ്യക്തിയുമായ ബെർണാർഡ് ആർനോൾട്ടിനേക്കാൾ 7 ബില്യൺ ഡോളർ ആസ്തിയുടെ കുറവാണ് സക്കർബർഗിനുള്ളത്.
ഇയർ-ടു-ഡേറ്റ് സമ്പത്തിന്റെ അടിസ്ഥാനത്തിൽ, എൻവിഡിയ സഹസ്ഥാപകനും, സി.ഇ.ഒയുമായ ജെൻസൻ ഹുവാങ് ഈ വർഷം തുടക്കത്തിൽ മാർക്ക് സക്കർബർഗിനെ മറികടന്നിരുന്നു.
ഇക്കഴിഞ്ഞ രണ്ട് വ്യാപാര ദിവസങ്ങളിൽ എൻവിഡിയ ഓഹരികൾ കനത്ത നഷ്ടമാണ് നേരിട്ടിരുന്നത്. ഇതോടെ ഹുവാങ്ങിന്റെ ആസ്തി മൂല്യത്തിൽ 11.5 ബില്യൺ ഡോലറുകളുടെ കുറവാണുണ്ടായത്.
ഇത്തരത്തിൽ തിരിച്ചടി നേരിട്ടെങ്കിലും ഹുവാങ്ങിന്റെ ആസ്തി ഈ വർഷം 44 ബില്യൺ ഡോളറുകളുടെ വളർച്ച നേടിയിട്ടുമുണ്ട്. ഇത്തരത്തിൽ അദ്ദേഹത്തിന്റെ ആകെ ആസ്തി മൂല്യം 93 ബില്യൺ ഡോളറുകളാണ്.
ലോകപ്രശസ്ത സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ത്രെഡ്സ് എന്നിവയുടെ മാതൃകമ്പനിയാണ് സക്കർബർഗ് നേതൃത്ത്വം നൽകുന്ന മെറ്റ.
സമീപ വർഷങ്ങളിൽ വിർച്വൽ റിയാലിറ്റി, മെറ്റാ വേഴ്സ്, നിർമിത ബുദ്ധി എന്നിവയിലാണ് മെറ്റ ഏറ്റവും കൂടുതൽ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നത്. തുടക്കത്തിൽ ഇത്തരം നീക്കങ്ങൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
ഇത്തരത്തിൽ 2021 സെപ്തംബർ മുതൽ 2022 നവംബർ വരെയുള്ള കാലയളവിൽ മെറ്റയുടെ ഓഹരി വില 75 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
എന്നാൽ പിന്നീട് നിർമിത ബുദ്ധിക്ക് ലോകമാകെ സ്വീകാര്യത ലഭിച്ചതും, ചിലവുകളിൽ മെറ്റ നിയന്ത്രണങ്ങൾ കൊണ്ടു വന്നതും നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെപ്പിടിക്കാൻ സഹായകമായി.
ഇതോടെ മറ്റെ ഓഹരികൾ റെക്കോർഡ് നിലവാരമായ 500 ഡോളർ മറികടന്നു. കമ്പനിയുടെ മൂല്യം 1.3 ട്രില്യണായി ഉയർന്നു. ഇത്തരത്തിൽ മെറ്റയിൽ 13% ഓഹരി പങ്കാളിത്തമുള്ള സക്കർബർഗിന്റെ ആസ്തിമൂല്യവും വർധിച്ചു.
2022 നവംബറിൽ 35 ബില്യൺ ഡോളർ ആസ്തിയുണ്ടായിരുന്ന സക്കർബർഗിന്റെ ഇപ്പോഴത്തെ ആസ്തി 182 ബില്യൺ ഡോളറാണ്.