
മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 68.36 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 66459.31 ലെവലിലും നിഫ്റ്റി 20.30 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 19733.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. അവസാന സെഷനുകളിലെ ലാഭമെടുപ്പാണ് വിപണിയെ താഴ്ത്തിയത്.
ഇതോടെ തുടക്കത്തിലെ നേട്ടം നിലനിര്‍ത്താനാകാതെ പോയി. കോള് ഇന്ത്യ, എന്ടിപിസി, ടെക് മഹീന്ദ്ര, എച്ച്‌സിഎല് ടെക്‌നോളജീസ്, എല്ടിഐ മിന്ഡ്രീ എന്നിവയാണ് നിഫ്റ്റിയില് ഏറ്റവും കൂടുതല് നേട്ടമുണ്ടാക്കിയത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഹീറോ മോട്ടോകോര്‍പ്പ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ബജാജ് ഫിന്‍സെര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ നഷ്ടം നേരിട്ടു.
സമ്മിശ്ര പ്രകടനമാണ് മേഖലകളില്‍ ദൃശ്യമായത്. റിയല്‍റ്റി സൂചിക ഏകദേശം 2 ശതമാനവും പിഎസ്യു ബാങ്ക് സൂചിക 0.5 ശതമാനവും ഇടിഞ്ഞപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക ഒരു ശതമാനവും മെറ്റല്‍ സൂചിക 0.75 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് അര ശതമാനം ഉയര്‍ന്നെങ്കിലും മിഡ്ക്യാപ 0.2 ശതമാനം താഴ്ച വരിച്ചു.