ന്യൂഡല്‍ഹി: സെപ്തംബര്‍ 23ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യന്‍ ഇക്വിറ്റി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ 1 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനയെ തുടര്‍ന്നുണ്ടായ ഡോളര്‍ നിരക്ക് കയറ്റം, രൂപയുടെ ഇടിവ്, വിദേശ നിക്ഷേപകരുടെ പിന്‍മാറ്റം, ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിരക്ക് വര്‍ധന എന്നിവയാണ് വിപണിയെ തളര്‍ത്തിയത്.
ബിഎസ്ഇ സെന്‍സെക്‌സ് 741.87 പോയിന്റ് (1.26 ശതമാനം) നഷ്ടത്തില്‍ 58,098.92 ലും നിഫ്റ്റി 50 203.55 പോയിന്റ് (1.16 ശതമാനം) ഇടിഞ്ഞ് 17,327.30 ലെവലിലും വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചു.
മേഖലാടിസ്ഥാനത്തില്‍, ബിഎസ്ഇ പവര്‍ സൂചിക 5 ശതമാനവും ബിഎസ്ഇ കാപിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി സൂചികകള്‍ യഥാക്രമം 3,4 ശതമാനവും താഴ്ന്നു. എന്നാല്‍, എഫ്എംസിജി സൂചിക 3.6 ശതമാനവും ഹെല്‍ത്ത് കെയര്‍, ഓട്ടോ എന്നിവ 1 ശതമാനം വീതവും നേട്ടം രേഖപ്പെടുത്തി.. ബിഎസ്ഇ സ്‌മോള്‍ ക്യാപ് ,മിഡ് ക്യാപ് സൂചികകള്‍ 1 ശതമാനം ഇടിവാണ് നേരിട്ടത്.
കഴിഞ്ഞ ആഴ്ചയില്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 4,361.77 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി. എന്നാല്‍, ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡിഐഐകള്‍) 1137.96 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മൊത്തം സെപ്തംബര്‍ മാസത്തെ കണക്കെടുക്കുകയാണെങ്കില്‍ എഫ്‌ഐഐകള്‍ 2,445.82 കോടി രൂപയുടെ ഓഹരികള്‍ വില്‍പന നടത്തി.
ഡിഐഐകള്‍ 1,868.54 രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. വിനൈല്‍ കെമിക്കല്‍സ് (ഇന്ത്യ), സിന്ധു ട്രേഡ് ലിങ്ക്‌സ്, കെബിസി ഗ്ലോബല്‍, ക്യാന്‍ ഫിന്‍ ഹോംസ്, ഫ്യൂച്ചര്‍ ലൈഫ് സ്‌റ്റൈല്‍ ഫാഷന്‍സ്, ജെഎസ്ഡബ്ല്യു ഹോള്‍ഡിംഗ്‌സ്, നവകര്‍ കോര്‍പ്പറേഷന്‍, ബാല്‍മര്‍ ലോറി ഇന്‍വെസ്റ്റ്‌മെന്റ്, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ എന്നിവയുള്‍പ്പെടെ സ്‌മോള്‍ക്യാപ് ഓഹരികള്‍ താഴ്ചവരിച്ചു. അതേസമയം, ജെടിഎല്‍ ഇന്‍ഫ്ര, ഡിഷ് ടിവി ഇന്ത്യ, പിസി ജ്വല്ലര്‍, ഷ്‌നൈഡര്‍ ഇലക്ട്രിക് ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെര്‍ക്കുലീസ് ഹോയിസ്റ്റ്‌സ്, ടൂറിസം ഫിനാന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ശ്രീ രേണുക ഷുഗേഴ്‌സ്, സ്‌റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി, ഡിബി റിയാലിറ്റി എന്നിവ ഉയരുകയും ചെയ്തു.
ബിഎസ്ഇ 500 സൂചിക 1 ശതമാനം ഇടിവ് നേരിട്ടപ്പോള്‍ ക്യാന്‍ ഫിന്‍ ഹോംസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ടാറ്റ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍, പിസിബിഎല്‍, ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍, മംഗലാപുരം റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായി.