
എല്‍ഐസിയുടെ ഓഹരി വില ഇന്നലെ 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി. 797 രൂപ വരെയാണ് ഓഹരി വില ഉയര്‍ന്നത്. ഇതോടെ കമ്പനിയുടെ വിപണിമൂല്യം അഞ്ച് ലക്ഷം കോടി രൂപ മറികടന്നു.
വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ കമ്പനിയായ എല്‍ഐസിയുടെ ഓഹരി വില കഴിഞ്ഞ ഒരാഴ്‌ച കൊണ്ട് 19 ശതമാനമാണ് ഉയര്‍ന്നത്.
എല്‍ഐസിയുടെ ജീവന്‍ ഉത്സവ് എന്ന പുതിയ ഉല്‍പ്പന്നം വിപണിയിലെത്തിയതാണ് ഓഹരി വില ഉയരുന്നതിന് വഴിയൊരുക്കിയത്. അതേ സമയം എല്‍ഐസിയുടെ ഐപിഒ വിലയേക്കാള്‍ ഇപ്പോഴും താഴെയാണ് ഓഹരി വില. 2022 മെയില്‍ എല്‍ഐസി ഐപിഒ നടത്തിയപ്പോള്‍ 949 രൂപയായിരുന്നു ഇഷ്യു വില.
ന്യായമായ നിലവാരത്തില്‍ ഇഷ്യു വില നിശ്ചയിച്ചിട്ടും ദ്വിതീയ വിപണിയുടെ പ്രിയം പിടിച്ചു പറ്റാന്‍ എല്‍ഐസിക്ക് സാധിച്ചില്ല. എല്‍ഐസിയുടെ ഐപിഒ വഴി ഓഹരി നിക്ഷേപത്തിലേക്ക് കടന്നവരുടെ എണ്ണം ഗണ്യമാണ്.
ചെറുകിട നിക്ഷേപകരാണ് എല്‍ഐസിയുടെ ഐപിഒ വിജയമാക്കി മാറ്റിയത്. എന്നാല്‍ അവര്‍ക്ക് ലിസ്റ്റിംഗിനു ശേഷം നിരാശപ്പെടേണ്ടി വന്നു.