ഹൈദരാബാദ്: പ്രമുഖ ഡ്രോൺ ടെക്‌നോളജി കമ്പനിയായ മാരുത് ഡ്രോൺസ്, കാർഷികരംഗത്ത് ഡ്രോൺ സാങ്കേതികവിദ്യ പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സൗജന്യമായി ഡിജിസിഎ സർട്ടിഫൈഡ് പൈലറ്റ് പരിശീലനം നൽകും. ഈ പരിശീലന പരിപാടിയിലൂടെ ഉപഭോക്താക്കൾക്ക് 10 വർഷം സാധുതയുള്ള ഡിജിസിഎ സർട്ടിഫൈഡ് റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് (ആർപിസി) സ്വന്തമാക്കാം.
കാർഷിക ആവശ്യങ്ങൾക്കായി ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്ന വ്യക്തികൾ റിമോട്ട് പൈലറ്റ് സർട്ടിഫിക്കറ്റ് (ആർപിസി) നേടേണ്ടതുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഈ സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വിശദീകരിച്ചിട്ടുണ്ട്. ഒക്‌ടോബർ മാസത്തിൽ കാർഷിക സീസൺ ആരംഭിക്കുന്നതിനാൽ, ഒക്‌ടോബർ മാസം മുഴുവൻ തങ്ങളുടെ ഉപഭോക്താക്കൾക്ക് മാരുത് ഡ്രോൺസ് സൗജന്യ പരിശീലനം നൽകും. സാധാരണയായി 42,000 രൂപ ചെലവ് വരുന്ന പരിശീലന പരിപാടിയാണ് ഇത്.
ഈ 5 ദിവസത്തെ കോഴ്‌സ് ഡ്രോൺ ഒരു സേവനമായോ സ്പ്രേ ആപ്ലിക്കേഷനുകളായോ നൽകാൻ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഈ കോഴ്‌സിൽ ഡിജിസിഎ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ചുള്ള സൈദ്ധാന്തിക ഉൾക്കാഴ്‌ചകൾ, ഡ്രോൺ ഡാറ്റ വിശകലനം, പേലോഡ് വിനിയോഗം എന്നിവയ്‌ക്കൊപ്പം സിമുലേറ്റർ പരിശീലനവും ഉൾപ്പെടുന്നു.
ഇന്ത്യയിലുടനീളമുള്ള പാർട്ണർ അക്കാദമികളുടെയും ആർപിടിഒകളുടെയും വിപുലമായ ശൃംഖല പ്രയോജനപ്പെടുത്തിയാണ്, രാജ്യവ്യാപകമായി ഉപഭോക്താക്കൾക്ക് പരിശീലനം നൽകുക.
“വിപണിയിലുള്ള മിക്ക ഡ്രോണുകളും രൂപകൽപ്പന ചെയ്തിരിക്കുന്നത് കീടനാശിനി തളിക്കൽ പോലെയുള്ള ഒരൊറ്റ ആവശ്യത്തിനായാണ്. കർഷകർ നേരിടുന്ന വ്യത്യസ്ത വെല്ലുവിളികൾ തിരിച്ചറിഞ്ഞ്, ഞങ്ങൾ ആദ്യത്തെ മൾട്ടി-യൂട്ടിലിറ്റി ഡ്രോണായ എജി365 വികസിപ്പിച്ചു. ഒക്‌ടോബർ മാസത്തെ നൈപുണ്യ വികസന പരിശീലന കോഴ്‌സ്, ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ആഗ്രഹിക്കുന്ന വ്യക്തികൾക്ക് എൻട്രി ലെവൽ പിന്തുണ നൽകുക എന്നതാണ് മാരുതിൻ്റെ ലക്ഷ്യം,” മാരുത് ഡ്രോൺസ് സിഇഒയും സഹസ്ഥാപകനുമായ പ്രേം കുമാർ വിസ്ലാവത്ത് പറഞ്ഞു.
വായ്പാ സൗകര്യവും വിൽപ്പനാനന്തര പിന്തുണയും, ഇൻഷുറൻസും മാരുത് ഡ്രോൺസ് നൽകുന്നുണ്ട്. ഡ്രോൺ വാങ്ങുന്നവർക്ക് കേന്ദ്ര സർക്കാരിൽ നിന്ന് സബ്‌സിഡിയുംലഭിക്കും.