കൊച്ചി: കാർ നിര്മാതാക്കളായ മാരുതി സുസുക്കിക്ക് കഴിഞ്ഞ സാമ്പത്തികവര്ഷം ജനുവരി-മാര്ച്ച് കാലയളവില് 3,877.8 രൂപയുടെ അറ്റാദായം. മുന്വര്ഷം ഇതേകാലത്തെ 2623.6 കോടി രൂപയേക്കാള് 47.8 ശതമാനമാണ് വര്ധന.
മൂന്നാംപാദത്തിലെ 3,130 കോടി രൂപയെ അപേക്ഷിച്ച് വര്ധന 23.89 ശതമാനമാണ്. നാലാംപാദത്തില് 38,234.9 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്.
മുന്വര്ഷത്തെ 32,048 കോടി രൂപയേക്കാള് 19.3 ശതമാനമാണ് വര്ധന. മൂന്നാംപാദത്തിലെ 33,308 കോടി രൂപയേക്കാള് 14.79 ശതമാനം അധികമാണിത്. സാമ്പത്തികവര്ഷം ഒന്നാകെ പരിഗണിക്കുമ്പോള് 13,209.4 കോടിരൂപയാണ് ലാഭം.
മുന്വര്ഷത്തെ 8,049.2 കോടി രൂപയേക്കാള് 64.1 ശതമാനം വര്ധന. വരുമാനം മുന്വര്ഷത്തെ 1.13 ലക്ഷം കോടി രൂപയില്നിന്ന് 19.9 ശതമാനമുയര്ന്ന് 1.35 ലക്ഷം കോടി രൂപയിലെത്തി.
2023- 24- ലെ മൊത്തം വില്പന 21.35 ലക്ഷം വാഹനങ്ങളാണ്. 8.6 ശതമാനമാണ് വളര്ച്ച. മുന്വര്ഷമിത് 19.66 ലക്ഷം യൂണിറ്റായിരുന്നു.
ആഭ്യന്തരവിപണിയില് 18.52 ലക്ഷം വാഹനങ്ങള് വിറ്റഴിഞ്ഞപ്പോള് 2.83 ലക്ഷം എണ്ണം കയറ്റുമതി ചെയ്തു. മികച്ചലാഭത്തിന്റെ അടിസ്ഥാനത്തില് ഓഹരിയൊന്നിന് 125 രൂപ വീതം ലാഭവീതം നല്കാനും കമ്പനി തീരുമാനിച്ചു.
മാരുതി സുസുക്കിയുടെ പോപ്പുലര് മോഡലുകളായ ബലേനൊ, സ്വിഫ്റ്റ്, ഇന്വിക്ടോ തുടങ്ങിയ മോഡലുകളുടെ വില്പ്പനയിലുണ്ടായ കുതിപ്പ് വരുമാന വര്ധനവിന് വഴിയൊരുക്കിയിട്ടുണ്ട്. മുന് വര്ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്ച്ചയാണ് 2024 സാമ്പത്തിക വര്ഷത്തിലെ നാലാം പാതത്തില് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.
ജനുവരി-മാര്ച്ച് പാതത്തില് അസംസ്കൃത വസ്തുകളുടെ വില കുറഞ്ഞതും ലാഭം വര്ധിക്കാന് കാരണമായെന്നാണ് വിലയിരുത്തുന്നത്.