മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമാതാക്കളാണ് മാരുതി സുസുക്കി. എന്നാല്‍, വാഹനമേഖലയിലെ ഏറ്റവും വലിയ ചുവടുവയ്പ്പായ ഇലക്‌ട്രിക് വാഹനങ്ങളിലേക്ക് ഇനിയും എത്തിയിട്ടില്ലാത്ത കമ്പനിയുമാണ് ഇത്.
2025-ല്‍ മാരുതി സുസുക്കിയുടെ ആദ്യ ഇലക്‌ട്രിക് മോഡല്‍ നിരത്തുകളില്‍ എത്തുമെന്നാണ് നിർമാതാക്കള്‍ ഉറപ്പുനല്‍കിയിരിക്കുന്നത്. 2023-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇലക്‌ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചാണ് ഈ ഉറപ്പുനല്‍കിയിരിക്കുന്നത്.
കണ്‍സെപ്റ്റ് മോഡല്‍ എന്ന സ്റ്റാറ്റസില്‍ നിന്ന് പ്രൊഡക്ഷൻ പതിപ്പിലേക്ക് മാരുതിയുടെ ഇലക്‌ട്രിക് മോഡലായ ഇ.വി.എക്സ്. എത്തിയിട്ടുണ്ടെന്നാണ് സൂചന. ഈ വാഹനത്തിന്റെ ആഗോള പ്രദർശനം നവംബർ നാലിന് ഇറ്റലിയിലെ മിലാനില്‍ നടക്കുമെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്.
നിർമാണം പൂർത്തിയായ മോഡലായിരിക്കും പ്രദർശിപ്പിക്കുക. 2025 ജനുവരിയില്‍ തന്നെ ഇ.വി.എക്സ്. ഇന്ത്യയില്‍ പ്രദർശിപ്പിക്കുകയും മാർച്ചോടെ അവതരിപ്പിക്കുകയും ചെയ്തേക്കും.
മാരുതി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിർമിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ നിരത്തുകള്‍ക്ക് പുറമെ, ജപ്പാൻ, യുറോപ്പ് തുടങ്ങിയ വിപണികളിലേക്കും ഈ വാഹനം സുസുക്കി എത്തിക്കും.
ഇന്ത്യയില്‍ മാത്രം നിർമിക്കുന്ന വാഹനമാണെങ്കിലും കൂടുതല്‍ പ്രധാന്യം നല്‍കുന്നത് യുറോപ്യൻ വിപണി ഉള്‍പ്പെടെയുള്ളവയ്ക്ക് ആയിരിക്കുമെന്ന് മുമ്പുതന്നെ മാരുതി സുസുക്കി സൂചന നല്‍കിയിരുന്നതാണ്.
പ്രതിവർഷം 1.5 ലക്ഷം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. വിദേശ വിപണികളിലേക്കുള്ള കയറ്റുമതി ഉള്‍പ്പെടെയായിരിക്കും പ്രതിവർഷം 1.5 ലക്ഷം യൂണിറ്റ് നിർമിക്കുകയെന്നും വിലയിരുത്തലുകളുണ്ട്.
4300 എം.എം. നീളവും 1800 എം.എം. വീതിയും 1600 എം.എം. ഉയരവുമുള്ള ഈ വാഹനത്തില്‍ 60 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയും നല്‍കും. 550 കിലോമീറ്റർ റേഞ്ച് ഈ വാഹനത്തിന് നല്‍കുമെന്നാണ് നിർമാതാക്കള്‍ അവകാശപ്പെടുന്നത്.
ഇ.വി.എക്സ് എന്ന പേരിലാണ് മാരുതി ഇലക്‌ട്രിക് വാഹനത്തിന്റെ കണ്‍സെപ്റ്റ് പുറത്തിറക്കിയതെങ്കിലും പ്രൊഡക്ഷൻ പതിപ്പ് ഈ പേരില്‍ തന്നെ എത്തണമെന്നില്ല.
അടുത്തിടെ മാരുതി സുസുക്കി ചില പേരുകള്‍ക്ക് പകർപ്പവകാശം നേടിയിരുന്നു. ഇതില്‍ ഏതെങ്കിലും പേര് ഈ വാഹനത്തിന് നല്‍കാനുള്ള സൂചനയുമുണ്ട്.
2023 ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി ആദ്യ ഇലക്‌ട്രിക് മോഡലിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചത്.