ഹരിയാണയിലെ മനേസറിലുള്ള ഫാക്ടറിയുടെ ഉത്പാദനശേഷി വര്ധിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കാര് നിര്മാണ കമ്പനിയായ മാരുതി സുസുക്കി.
2007 -ല് തുടങ്ങിയ ആദ്യ പ്ലാന്റിനോടു ചേര്ന്ന് വര്ഷം ഒരു ലക്ഷം കാറുകള് ഉത്പാദിപ്പിക്കാന് ശേഷിയുള്ള പ്ലാന്റാണ് പ്രവര്ത്തന സജ്ജമായിരിക്കുന്നതെന്ന് കമ്പനി പത്രക്കുറിപ്പില് അറിയിച്ചു. ഇതോടെ മനേസര് പ്ലാന്റിന്റെ മൊത്തംശേഷി വര്ഷം ഒമ്പതുലക്ഷം കാറുകളായി.
ഏഴ്-എട്ട് വര്ഷംകൊണ്ട് ഇന്ത്യയിലെ കമ്പനിയുടെ ഉത്പാദനശേഷി വര്ഷം 40 ലക്ഷം കാറുകളായി ഉയര്ത്താനാണ് ലക്ഷ്യമിടുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഹിസാഷി തകിയൂചി പറഞ്ഞു.
നിലവിലിത് 23.5 ലക്ഷമാണ്. ബ്രെസ, എര്ട്ടിഗ, എക്സ്.എല്. 6, വാഗണ്ആര്, ഡിസയര്, എസ് പ്രെസോ, സിയാസ്, സെലേറിയോ മോഡലുകളാണ് മനേസറില് നിര്മിക്കുന്നത്.
2007-ലാണ് മാരുതി സുസുക്കി മനേസറില് വാഹന നിര്മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പിന്നീട് 2011-ലും 2013-ലുമായി പ്ലാന്റ് ബി, പ്ലാന്റ് സി എന്നിവയും സ്ഥാപിക്കുകയായിരുന്നു.
ഇതിനോടകം 95 ലക്ഷം വാഹനങ്ങളാണ് മനേസറിലെ പ്ലാന്റില് നിര്മാണം പൂര്ത്തിയാക്കിയതെന്നാണ് റിപ്പോര്ട്ടുകള്. മാരുതി സുസുക്കി മനേസറില് പുതുതായി നിര്മിച്ച പ്ലാന്റില് എര്ട്ടിഗയുടെ നിര്മാണമായിരിക്കും ആദ്യഘട്ടത്തില് നടക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്.
എര്ട്ടിഗ എം.പി.വിയുടെ ബുക്കിങ്ങ് കാത്തിരിപ്പ് കുറയ്ക്കുന്നതിനായാണ് ഈ വാഹനത്തിന്റെ നിര്മാണത്തിന് മുന്ഗണന നല്കിയിരിക്കുന്നതെന്നാണ് വിലയിരുത്തല്. 2023 ഡിസംബര് വരെയുള്ള കണക്ക് അനുസരിച്ച് മാരുതിയുടെ രണ്ട് ലക്ഷം ബുക്കിങ്ങുകളില് മൂന്നിലൊന്ന് എര്ട്ടിഗയ്ക്കാണ്.
ഇതില് തന്നെ 70 ശതമാനവും സി.എന്.ജി. മോഡലിനുമാണെന്നാണ് വിവരം. അതുകൊണ്ടുതന്നെ നാല് മുതല് ആറ് മാസം വരെയാണ് എര്ട്ടിഗയ്ക്ക് ബുക്കിങ്ങ് കാലാവധി.
ഗുജറാത്തില് മാരുതി സുസുക്കിയുടെ വാഹന നിര്മാണശാല തുടങ്ങുന്നതിനായി 35,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില് മാരുതി സുസുക്കി മോട്ടോര് കോര്പറേഷന് അറിയിച്ചിരുന്നു.
2028-29 സാമ്പത്തിക വര്ഷം പുതിയ പ്ലാന്റില് വാഹന നിര്മാണം ആരംഭിക്കാന് സാധിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്.
ഇത് യാഥാര്ഥ്യമായാല് ഗുജറാത്തില് മാരുതിയുടെ പ്ലാന്റുകളുടെ എണ്ണം രണ്ടാകും.