മുംബൈ: ഹരിയാനയിലെ പുതിയ പ്ലാന്റിന്റെ നിർമ്മാണ പ്രവർത്തനങ്ങളും പുതിയ മോഡൽ ലോഞ്ചുകളും ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്കായി ഈ വർഷം 7,000 കോടിയിലധികം രൂപയുടെ നിക്ഷേപമിറക്കാൻ മാരുതി സുസുക്കി ഇന്ത്യ പദ്ധതിയിടുന്നതായി കമ്പനി സിഎഫ്ഒ അജയ് സേത്ത് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാവ് സോനിപത് ജില്ലയിലെ പുതിയ സൗകര്യത്തിന്റെ പ്രവർത്തനം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. കമ്പനിയുടെ രാജ്യത്തെ മൂന്നാമത്തെ പ്ലാന്റായ ഖാർഖോഡ പ്ലാന്റ് 2025 ഓടെ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇതിന് ആദ്യ ഘട്ടത്തിൽ 2.5 ലക്ഷം യൂണിറ്റ് സ്ഥാപിത ഉൽപാദന ശേഷിയുണ്ടാകും.
നിലവിൽ, മാരുതി സുസുക്കി ഇന്ത്യയ്ക്ക് (എംഎസ്‌ഐ) ഹരിയാനയിലെ രണ്ട് നിർമ്മാണ പ്ലാന്റുകളിലും ഗുജറാത്തിലെ മാതൃസ്ഥാപനമായ സുസുക്കി മോട്ടോറിന്റെ സ്ഥാപനത്തിലുമായി പ്രതിവർഷം 22 ലക്ഷം യൂണിറ്റുകളുടെ ഉൽപ്പാദന ശേഷിയുണ്ട്.
നിർദിഷ്ട പദ്ധതികൾക്കായി കമ്പനി ഈ വർഷം 7,000 കോടിയിലധികം രൂപ ചെലവഴിക്കുമെന്ന് അജയ് സേത്ത് പറഞ്ഞു. കൂടാതെ നിക്ഷേപം പ്രധാനമായും പുതിയ പ്ലാന്റ്, ആർ ആൻഡ് ഡി കേന്ദ്രം, പുതിയ മോഡലുകൾ തുടങ്ങിയ മേഖലകളിലായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇലക്ട്രോണിക്സ് ഘടകങ്ങളുടെ ക്ഷാമം കമ്പനിയുടെ ഉൽപ്പാദന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ഒരു വെല്ലുവിളിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റെല്ലാ സെഗ്‌മെന്റുകളെയും പോലെ എസ്‌യുവി വിഭാഗത്തിൽ ആധിപത്യം സ്ഥാപിക്കാൻ കമ്പനി അതിന്റെ എസ്‌യുവി പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്താൻ ഉദ്ദേശിക്കുന്നു.