
രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാണക്കമ്പനിയായ മാരുതി സുസുക്കി ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ നേടിയത് 3,911 കോടി രൂപയുടെ സംയോജിത ലാഭം.
മുൻവർഷത്തെ സമാനപാദത്തിലെ 3,952 കോടി രൂപയേക്കാൾ ഒരു ശതമാനം കുറവാണിത്. അതേസമയം, നിരീക്ഷകർ പൊതുവേ പ്രതീക്ഷിച്ച 3,800 കോടി രൂപയേക്കാൾ മെച്ചപ്പെട്ട ലാഭം നേടാനായെന്നത് നേട്ടമായി.
കഴിഞ്ഞപാദ വരുമാനം 38,471 കോടി രൂപയിൽ നിന്നുയർന്ന് 40,920 കോടി രൂപയായിട്ടുണ്ട്. ഉൽപന്ന വിൽപനയിലൂടെ മാത്രമുള്ള വരുമാനം 38,842 കോടി രൂപയും മറ്റ് സേവനങ്ങളിൽ നിന്നുള്ളത് 2,078 കോടി രൂപയുമാണ്.
ഹരിയാനയിലെ ഖർഖോദായിൽ സ്ഥാപിച്ച പുതിയ പ്ലാന്റ് സംബന്ധിച്ച ചെലവ്, പ്രൊമോഷണൽ ചെലവ് എന്നിവയാണ് ലാഭം കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തൽ. അതേസമയം, മൂന്നാംപാദമായ ഒക്ടോബർ-ഡിസംബറിലെ 3,727 കോടി രൂപയെ അപേക്ഷിച്ച് കഴിഞ്ഞപാദ ലാഭം 4.9% ഉയർന്നു.
135 രൂപ വീതം ലാഭവിഹിതം
ഓഹരിക്ക് 135 രൂപ വീതം മൊത്തം 4,244 കോടി രൂപ മതിക്കുന്ന അന്തിമ ലാഭവിഹിതവും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു ഓഹരി വിപണിയിൽ വ്യാപാരം നടക്കുമ്പോൾ തന്നെയാണ് മാരുതി പ്രവർത്തനഫലം പുറത്തുവിട്ടത്.
വ്യാപാരാന്ത്യത്തിൽ ഓഹരിവിലയുള്ളത് എൻഎസ്ഇയിൽ 2.05 ശതമാനം താഴ്ന്ന് 11,650 രൂപയിൽ. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 11,894 രൂപയിൽ നിന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി, ഒരുവേള 12,046 രൂപവരെ ഉയർന്നിരുന്നു. പിന്നീടാണ്, പ്രവർത്തനഫല പ്രഖ്യാപനത്തിനു പിന്നാലെ നഷ്ടത്തിലായത്.
മാരുതിയുടെ കഴിഞ്ഞപാദത്തിലെ പലിശ, നികുതി തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള പ്രവർത്തന ലാഭം അഥവാ ഓപ്പറേറ്റിങ് എബിറ്റ് 14.2 ശതമാനം ഇടിഞ്ഞ് 3,392 കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 3,956 കോടി രൂപയിൽ നിന്നാണ് വീഴ്ച.
ഓപ്പറേറ്റിങ് എബിറ്റ് അനുപാതം 2.10 ശതമാനം താഴ്ന്ന് 8.7 ശതമാനവുമായി. ഇതും ഓഹരിവിലയിൽ ഇടിവിനു വഴിവച്ചു.
ഉപകമ്പനികളെ കൂട്ടാതെയുള്ള മാരുതി സുസുക്കിയുടെ തനിലാഭം കഴിഞ്ഞപാദത്തിൽ 4.3% കുറഞ്ഞ് 3,711 കോടി രൂപയാണ്. പ്രവർത്തന വരുമാനം 38,235 കോടി രൂപയിൽ നിന്ന് 6.4% വർധിച്ച് 40,674 കോടി രൂപ.
പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ എബിറ്റ്ഡ (EBITDA) അഥവാ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭം 9 ശതമാനം കുറഞ്ഞ് 4,264 രൂപയായി. എബിറ്റ്ഡ അനുപാതം 1.50 ശതമാനം താഴ്ന്ന് 10.5 ശതമാനമായതും തിരിച്ചടിയാണ്.
വിൽപനയിലും കയറ്റുമതിയിലും മുന്നേറ്റം
ഇന്ത്യയുടെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കമ്പനി എന്ന നേട്ടം തുടർച്ചയായ നാലാംവർഷവും മാരുതി സുസുക്കിക്ക് തന്നെ.
മൊത്തം വാഹന കയറ്റുമതിയിൽ 43 ശതമാനവും മാരുതിയുടെ വിഹിതമാണ്. കഴിഞ്ഞപാദത്തിൽ ആകെ 6.04 ലക്ഷം വാഹനങ്ങളും മാരുതി വിറ്റഴിച്ചിരുന്നു. ഇതു റെക്കോർഡാണ്. ആഭ്യന്തര വാഹന വിൽപന 2.8 ശതമാനവും കയറ്റുമതി 8.1 ശതമാനവും ഉയർന്നു.