
മുംബൈ: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20,000 കോടി രൂപയുടെ വാഹനങ്ങളും ഘടകങ്ങളും കയറ്റുമതി ചെയ്യാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്. ജാപ്പനീസ് മാതൃസ്ഥാപനമായ സുസുക്കി മോട്ടോഴ്‌സിന്റെയും പങ്കാളിയായ ടൊയോട്ട മോട്ടോറിന്റെയും ആഗോള വിഭവങ്ങൾ പ്രയോജനപ്പെടുത്തി വിദേശ കയറ്റുമതി വർദ്ധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നു. നിലവിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം വാഹന കയറ്റുമതിയുടെ 40 ശതമാനവും മാരുതിയുടെ സംഭാവനയാണ്.
ടൊയോട്ടയും സുസുക്കിയും വാഹനങ്ങൾക്ക് മാത്രമല്ല, ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള ലിഥിയം അയൺ സെല്ലുകൾ പോലുള്ള ഘടകങ്ങൾക്കും ഇന്ത്യ ഒരു പ്രധാന ഉറവിടമായി മാറാൻ സാധ്യതയുണ്ടെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത 570,000 യൂണിറ്റുകളിൽ 238,000-ലധികവും മാരുതി സുസുക്കിയുടെ സംഭാവന ആയിരുന്നു. ഇതിലൂടെ കമ്പനി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ പിന്തള്ളി കയറ്റുമതിയിൽ മുൻപന്തിയിൽ എത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 12,000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് മാരുതി നേടിയത്. ഇത് 2016-21 സാമ്പത്തിക വർഷത്തിനിടയിലെ ശരാശരി കയറ്റുമതി വരുമാനത്തിന്റെ ഇരട്ടിയിലധികം ആണ്.
2022 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി വിപണി 42 ശതമാനം വളർന്നതോടൊപ്പം മാരുതി സുസുക്കിയുടെ വിദേശ വിൽപ്പന 147 ശതമാനം വർധിച്ചിരുന്നു. മാരുതിയുടെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന വാഹനമാണ് ഡിസയർ കോംപാക്റ്റ് സെഡാൻ.
മൊത്തത്തിലുള്ള വിപണി വിഹിതം ഉയർത്തുന്നതിനുള്ള ഒരു പ്രധാന മേഖലയായി മാരുതി എസ്‌യുവി സെഗ്‌മെന്റിനെ പരിഗണിക്കുമെന്ന് ഈ മാസം ആദ്യം മാരുതി സുസുക്കി സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞിരുന്നു.