
മൈസൂരു: ഇൻഫോസിസില്‍ ട്രെയിനികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നതിനെതിരേ ഐ.ടി. തൊഴിലാളി യൂണിയൻ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കി. ഇൻഫോസിസിന്റെ നടപടി നിയമവിരുദ്ധവും അധാർമികവും തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് ആരോപിച്ച് നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് ആണ് പരാതി സമർപ്പിച്ചത്.
400ഓളം ട്രെയിനികളെ നിർബന്ധിതമായി പിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പരാതിയില്‍ സൂചിപ്പിച്ചു. ഫെബ്രുവരി ഏഴിനാണ് ഇൻഫോസിസ് കഴിഞ്ഞ ഒക്ടോബറില്‍ ജോലിയില്‍ പ്രവേശിച്ച ട്രെയിനികളുടെ കൂട്ടരാജി ആവശ്യപ്പെട്ടത്. ഇത് നിയമ വിരുദ്ധമാണെന്നാണ് യൂണിയന്റെ പരാതി.
വിഷയത്തില്‍ ഉചിതമായ നിയമ നടപടികള്‍ സ്വീകരിക്കണം. അതുവരെ കൂടുതല്‍ പിരിച്ചുവിടലുകള്‍ നിർത്താൻ ഇൻഫോസിസിനോട് ഉത്തരവിടണം.
പിരിച്ചുവിട്ട എല്ലാ ജീവനക്കാരെയും പുനഃസ്ഥാപിക്കണമെന്നും അവർക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും യൂണിയൻ ആവശ്യപ്പെട്ടു.
ട്രെയിനികളെ ഭീഷണിപ്പെടുത്തിയാണ് രാജിക്കത്തില്‍ ഒപ്പിട്ട് വാങ്ങിക്കുന്നത്. ഇതിനായി സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ഇൻഫോസിസിന്റെ പ്രവർത്തനങ്ങള്‍ ഐ.ടി. വ്യവസായത്തിന് അപകടകരമായ മാതൃക സൃഷ്ടിക്കുകയാണെന്നും യൂണിയന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, മൂല്യനിർണയ പരിശോധനകളില്‍ വിജയിക്കാൻ കഴിയാത്തവരെയാണ് പിരിച്ചുവിടുന്നതെന്നാണ് കമ്ബനിയുടെ വിശദീകരണം. തുടർച്ചയായ മൂന്ന് ശ്രമങ്ങളിലും പരിശോധനകളില്‍ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഇത്രയും പേർക്ക് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയത്.
പരിശോധനകളില്‍ പരാജയപ്പെട്ടാല്‍ അവർക്ക് സ്ഥാപനത്തില്‍ തുടരാൻ കഴിയില്ല. അവരുടെ കരാറിലും ഇത് വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. പരിശോധന രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്നതാണെന്നുമാണ് കമ്ബനിയുടെ വിശദീകരണം.