മുംബൈ: ഏക്കർഏജ് ബിൽഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഇക്വിറ്റി ഏറ്റെടുക്കാൻ ഒരുങ്ങി മാക്‌സ് വെഞ്ചേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (മാക്‌സ്‌വിൽ). 4 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള മാക്‌സ് ഗ്രൂപ്പിന്റെ മൂന്ന് ഹോൾഡിംഗ് കമ്പനികളിലൊന്നാണിത്. 322.50 കോടി രൂപയുടെ ഇടപാടിലൂടെയാണ് ഏറ്റെടുക്കൽ നടത്തുന്നത്.
2023 ഫെബ്രുവരിയോടെ ഏറ്റെടുക്കൽ ഇടപാട് പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏറ്റെടുക്കലോടെ ഏക്കർഏജ് ബിൽഡേഴ്‌സ് കമ്പനിയുടെ റിയൽ എസ്റ്റേറ്റ് വിഭാഗമായ മാക്സ് എസ്റ്റേറ്റ്സ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറും. കമ്പനിക്ക് 7.15 ഏക്കർ വിസ്തൃതിയിൽ വാണിജ്യ പദ്ധതി വികസിപ്പിക്കാനുള്ള ലൈസൻസ് ഉണ്ട്.
ഈ ഏറ്റെടുക്കൽ വാണിജ്യ റിയൽ എസ്റ്റേറ്റിന്റെ (സിആർഇ) പ്രധാന വിപണിയായ ഗുരുഗ്രാമിലേക്കുള്ള തങ്ങളുടെ പ്രവേശനത്തെ അടയാളപ്പെടുത്തുന്നതായി മാക്‌സ്‌വിൽ അറിയിച്ചു. കൂടാതെ ഏക്കർഏജ് ബിൽഡേഴ്‌സിന്റെ ഭൂമിയിൽ ഏറ്റവും മികച്ച ഗ്രേഡ് A+ വാണിജ്യ ഇടം വികസിപ്പിക്കാൻ മാക്സ് എസ്റ്റേറ്റ്സ് പദ്ധതിയിടുന്നു.