
കോട്ടയം: കൊല്ലം-ദിണ്ടിക്കല്‍ ദേശീയപാതയില്‍ (എൻ.എച്ച്. 183, കെ.കെ.റോഡ്) പുതിയ ബൈപ്പാസ് നിർമിക്കാൻ ഏകദേശധാരണ. മണിപ്പുഴയില്‍നിന്ന് തുടങ്ങുന്നതിനുപകരം ബൈപ്പാസ് മുളങ്കുഴയില്‍നിന്ന് ആരംഭിക്കും.
മുളങ്കുഴയില്‍നിന്ന് തുടങ്ങി ഈരയില്‍ക്കടവ് റോഡുവഴി കോട്ടയം-കറുകച്ചാല്‍, പുതുപ്പള്ളി-മണർകാട്, പുതുപ്പള്ളി-പയ്യപ്പാടി, പയ്യപ്പാടി-കൊച്ചുമറ്റം റോഡുകള്‍ മറികടന്ന് പാമ്ബാടി എട്ടാംമൈലില്‍ പ്രവേശിക്കുന്നവിധത്തിലാണ് രൂപരേഖ. ഫലത്തില്‍, എം.സി.റോഡും കെ.കെ.റോഡും തമ്മില്‍ ബന്ധിപ്പിക്കും.
നിലവിലുള്ള ഈരയില്‍ക്കടവ് റോഡ് മുന്നോട്ടുനീട്ടി കാക്കൂർ ജങ്ഷൻ-മുളങ്കുഴ വഴി ദേശീയപാതയില്‍ പ്രവേശിക്കണമെന്ന നിർദേശവും യോഗം അംഗീകരിച്ചു. ഏഴുകിലോമീറ്റർ പാടത്തുകൂടിയാണ് റോഡ് പോകുന്നത്.
ദേശീയപാതയില്‍ കൊടുങ്ങൂർ, 14-ാംമൈല്‍, പുളിക്കല്‍ക്കവല, പാമ്ബാടി എന്നീ ജങ്ഷനുകളില്‍ പുതിയ ബൈപ്പാസ് നിർമിക്കണമെന്ന് നിർദേശമുണ്ടായി. ഇതുസംബന്ധിച്ച് പുതിയ രൂപരേഖ തയ്യാറാക്കും.
പാമ്പാടി ജങ്ഷനിലെ റോഡ് വീതി കൂട്ടുന്നതിലെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത്, വട്ടമലപ്പടിയില്‍ തുടങ്ങി കോത്തല 12-ാംമൈലില്‍ എത്തുന്നവിധത്തിലുള്ള പാമ്പാടി ബൈപ്പാസിന്റെ സാധ്യത പരിശോധിക്കാൻ യോഗത്തില്‍ ധാരണയായി.
ഫ്രാൻസിസ് ജോർജ് എം.പി. കളക്ടറേറ്റില്‍ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. ദേശീയപാത വിഭാഗം തയ്യാറാക്കിയ ബൈപ്പാസിന്റെ രൂപരേഖ യോഗത്തില്‍ അവതരിപ്പിച്ചു.
കുമളിമുതല്‍ കോട്ടയംവരെ 24 മീറ്ററും കോട്ടയംമുതല്‍ കൊല്ലംവരെ 30 മീറ്റർ വീതിയിലും റോഡ് വികസിപ്പിക്കാനാണ് ദേശീയപാത വിഭാഗം തീരുമാനിച്ചിരിക്കുന്നത്. സ്ഥലം ഏറ്റെടുക്കാൻ പ്രയാസമുള്ള മണർകാടുമുതല്‍ കോടിമതവരെയുള്ള ഭാഗം ഒഴിവാക്കുന്നതിനാണ് ബൈപ്പാസ് എന്ന ആശയം ഉയർന്നത്.
മോർത്ത് (ദേശീയ ഉപരിതലഗതാഗത മന്ത്രാലയം) ആണ് റോഡ് രൂപരേഖ തയ്യാറാക്കിയത്. 12.600 കിലോമീറ്റർ ദൂരത്തിലും 30 മീറ്റർ വീതിയിലുമാണ് റോഡ്. ഇതിനൊപ്പം നിലവിലുള്ള കെ.കെ.േറാഡ് 14 മീറ്റർ വീതിയില്‍ നവീകരിക്കും.
ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ., ജില്ലാ പഞ്ചായത്തംഗം രാധ വി. നായർ, ദേശീയപാത വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ സി.രാകേഷ്, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ എ.എസ്.സുര, അസി. എൻജിനീയർ കെ.എം.അരവിന്ദ് എന്നിവർ സംബന്ധിച്ചു.