ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കോര്‍പ്പറേറ്റുകളിലെ ഫയറിംഗ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇതേ നീക്കവുമായി കണ്‍സള്‍ട്ടിംഗ് ഭീമനായ മക്കന്‍സിയും. ഏകദേശം 2,000 പേരെ കമ്പനി പിരിച്ചുവിടാന്‍ ഒരുങ്ങുകയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
കമ്പനിയുടെ ക്ലയിന്റുകളുമായി നേരിട്ട് ബന്ധമില്ലാത്ത സ്റ്റാഫിനെയാകും ആദ്യഘട്ടത്തില്‍ പിരിച്ചുവിടുക എന്നാണ് സൂചന. കമ്പനിയിലെ ടീമില്‍ പുനസംഘടനയുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
നെതര്‍ലാന്‍ഡ് ആസ്ഥാനമായ അക്കൗണ്ടിംഗ് സര്‍വീസസ് കമ്പനിയായ കെപിഎംജി 700 ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മികച്ച ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടിയാണെന്ന് നീക്കമെന്നും, വരുന്ന മാസങ്ങളില്‍ മാര്‍ക്കറ്റിലെ ഡിമാന്‍ഡ് വര്‍ധിക്കുവാനുള്ള സാധ്യതയുണ്ടെന്നും കെപിഎംജി വൈസ് ചെയര്‍മാന്‍ കാള്‍ കരാന്‍ഡേ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കമ്പനിയുടെ വളര്‍ച്ചയില്‍ അനിശ്ചിതത്വം നേരിടുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. യാത്രാ ചെലവുകളുള്‍പ്പടെ വെട്ടിക്കുറച്ച് മുന്നോട്ട് പോകാനുള്ള നീക്കത്തിലാണ് കമ്പനി.