
മുംബൈ:കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിന് മേല്‍ പിഴ ചുമത്തിയിരിക്കയാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). മുന്‍കൂര്‍ അനുമതി തേടാതെ ഒരു സ്‌പോട്ട് ട്രേഡിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ ശ്രമിച്ചതിനാണ് പിഴ. ജനുവരി 4-ലെ അഡ്ജുഡിക്കേറ്റിംഗ് ഓഫീസറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
റെഗുലേറ്റര്‍ ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍ദ്ദിഷ്ട പ്ലാറ്റഫോമിനായി എംസിഎക്‌സ് ഫണ്ട് വിന്യസിക്കുകയായിരുന്നു. എക്‌സ്‌ചേഞ്ചുമായി ബന്ധമില്ലാത്തതാണ് സ്‌പോട്ട് ട്രേഡിംഗെന്നും അതുകൊണ്ടുതന്നെ അതിനായി ഫണ്ട് മാറ്റുമ്പോള്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും അഡ്ജുഡിക്കേറ്റിംഗ് ഓഫീസര്‍ സഹില്‍ മാലിക്ക് ഉത്തരവില്‍ പറഞ്ഞു.
എസ്ഇസിസി റെഗുലേഷന്‍സ് 38(2) ചട്ടപ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ ഫണ്ട് വിന്യാസവും മറ്റും നടത്താനാകില്ല.സെബിയുടേയോ നിയമപരമായ സ്ഥാപനത്തിന്റെയോ അനുമതിയോടെ മാത്രമേ അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനും ക്ലിയറിംഗ് കോര്‍പ്പറേഷനും ‘ബന്ധമില്ലാത്ത പ്രവര്‍ത്തന’ ങ്ങളില്‍ ഏര്‍പ്പെടാനാകൂ. സ്‌പോട്ട് ട്രേഡിംഗ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന് 2018 ലാണ് എംസിഎക്‌സ് ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടത്.
എംസിഎക്സിന്റെ ഗണ്യമായ ബിസിനസ്സ് വിഹിതം അഗ്രി ഇതര കമ്മോഡിറ്റീസ് ഡെറിവേറ്റീവുകളില്‍ നിന്നാണ് വരുന്നത്. പിഎസ്ഇബിയുടെ സഹായത്തോടെ സ്‌പോട്ട് ട്രേഡിംഗ് ഡൊമെയ്നിലേക്ക് കടക്കാന്‍ എക്സ്ചേഞ്ച് പദ്ധതിയിയിടുകയായിരുന്നു. ഇതിനായി 15.43 കോടി രൂപയോളം എംസിഎക്‌സ് പിഎസ്ഇബിയ്ക്ക് കൈമാറി.
എന്നാല്‍ പ്രവര്‍ത്തനം മുടങ്ങിയതിനെ തുടര്‍ന്ന് ഇരു സ്ഥാപനങ്ങളും തമ്മില്‍ നിയമപോരാട്ടവും ആരംഭിച്ചു. അതിനിടയിലാണ് സെബി 2 ലക്ഷം രൂപയോളം പിഴ ചുമത്തുന്നത്.