മുംബൈ: പബ്ലിക് ഇഷ്യൂ തുറക്കുന്നതിന് മുന്നോടിയായി ആങ്കർ ബുക്ക് വഴി 661.67 കോടി രൂപ സമാഹരിച്ച് ഹോസ്പിറ്റൽ ശൃംഖലയായ ‘മേദാന്ത’യുടെ നടത്തിപ്പുകാരായ ഗ്ലോബൽ ഹെൽത്ത്. ആങ്കർ ബുക്ക് വഴി 52 നിക്ഷേപകർ കമ്പനിയുടെ ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തു.
1.96 കോടി ഇക്വിറ്റി ഓഹരികൾ ആങ്കർ നിക്ഷേപകർക്ക് ഒരു ഓഹരിക്ക് 336 രൂപ നിരക്കിൽ അനുവദിച്ചതായി കമ്പനി ബിഎസ്ഇ ഫയലിംഗിൽ അറിയിച്ചു. ഈ ഓഫറിൽ സിംഗപ്പൂർ ഗവൺമെന്റ്, മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂർ, നോമുറ ട്രസ്റ്റ്, എപിജി എമർജിംഗ് മാർക്കറ്റ്സ് ഇക്വിറ്റി പൂൾ, ഒന്റാറിയോ ടീച്ചേഴ്‌സ് പെൻഷൻ പ്ലാൻ ബോർഡ്, പോളാർ ക്യാപിറ്റൽ ഫണ്ട്സ് പിഎൽസി, ഗവൺമെന്റ് പെൻഷൻ ഫണ്ട് ഗ്ലോബൽ, കോഹെഷൻ എംകെ തുടങ്ങിയ മാർക്വീ നിക്ഷേപകർ പങ്കെടുത്തു.
ഇവർക്ക് പുറമെ എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട്, എസ്ബിഐ മ്യൂച്വൽ ഫണ്ട്, ഐസിഐസിഐ പ്രുഡൻഷ്യൽ, ആക്സിസ് എംഎഫ്, നിപ്പോൺ ലൈഫ്, എസ്ബിഐ ലൈഫ്, എഡൽവീസ്, മാക്സ് ലൈഫ് ഇൻഷുറൻസ്, മോത്തിലാൽ ഓസ്വാൾ എംഎഫ്, ആദിത്യ ബിർള സൺ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ആഭ്യന്തര നിക്ഷേപകരും കമ്പനിയിൽ നിക്ഷേപം നടത്തി.
ഇന്ത്യയുടെ വടക്ക്, കിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ സ്വകാര്യ മൾട്ടി-സ്പെഷ്യാലിറ്റി തൃതീയ പരിചരണ ദാതാക്കളിൽ ഒന്നായ ഗ്ലോബൽ ഹെൽത്ത്, പബ്ലിക് ഇഷ്യൂവിലൂടെ 2,205.6 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു.