
മുംബൈ: 109 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് മീഡിയ ടെക്‌നോളജി സ്റ്റാർട്ടപ്പായ അമാഗി. പുതിയ മൂലധനത്തിൽ ആഗോള വളർച്ചാ ഇക്വിറ്റി സ്ഥാപനമായ ജനറൽ അറ്റ്ലാന്റിക്കിൽ നിന്നുള്ള 80 മില്യൺ ഡോളർ നിക്ഷേപവും, ദ്വിതീയ ഓഹരി വിൽപ്പനയിലൂടെ സമാഹരിച്ച തുകയും ഉൾപ്പെടുന്നു.
ഈ ധന സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 1.4 ബില്യൺ ഡോളറായി ഉയർന്നു. ഈ വർഷം മാർച്ചിൽ, ആക്‌സെലിന്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിംഗ് റൗണ്ടിൽ 95 മില്യൺ ഡോളർ സമാഹരിച്ച് കൊണ്ട് സ്റ്റാർട്ടപ്പ് യൂണികോൺ പട്ടികയിൽ ഇടം പിടിച്ചിരുന്നു.
2008-ൽ സ്ഥാപിതമായ അമാഗി, ക്ലൗഡിലെ പ്രവർത്തനങ്ങൾ വിർച്വലൈസ് ചെയ്യാൻ പ്രക്ഷേപകരെ അനുവദിക്കുന്നു. ഇത് അതിന്റെ ‘ക്ലൗഡ് പോർട്ട്’ ഓഫറിലൂടെ പ്രക്ഷേപകരെ വിദൂരമായി പ്രോഗ്രാമിംഗ് നിയന്ത്രിക്കാനും ഷെഡ്യൂൾ ചെയ്യാനും സ്ട്രീംലൈൻ ചെയ്യാനും സഹായിക്കുന്നു. കൂടാതെ ‘തണ്ടർസ്റ്റോം’ ഓഫറിലൂടെ പരസ്യങ്ങളുടെ വ്യക്തിഗത പരിഹാരങ്ങളും ഇത് നൽകുന്നു.
സ്ഥാപനത്തിന്റെ മറ്റ് പരിഹാരങ്ങളിൽ പേടിവി സൊല്യൂഷനുകളും പ്രക്ഷേപകർക്കായുള്ള അനലിറ്റിക്‌സും ഉൾപ്പെടുന്നു. ജൂലൈ മുതൽ സെപ്തംബർ വരെയുള്ള റെക്കോഡ് പാദത്തിന് ശേഷം വാർഷിക വരുമാന റൺ നിരക്ക് 100 മില്യൺ ഡോളർ കടന്നതായി അമാഗി അറിയിച്ചു.
എബിഎസ്-സിബിഎൻ, വാർണർ ബ്രോസ്, ഡിസ്‌കവറി, ഫോക്സ് നെറ്റ്‌വർക്സ്, ഫ്രേമന്റിൽ, ഗുസ്‌റ്റോ ടിവി, വൈസ് മീഡിയ തുടങ്ങിയവ അമാഗിയുടെ പ്രമുഖ ഉപഭോക്താക്കളിൽ ഉൾപ്പെടുന്നു. കമ്പനി ഇന്ത്യക്ക് പുറമെ ഇപ്പോൾ ജർമ്മനി, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്ക് അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.