
ന്യൂഡൽഹി: ഇൻസ്റ്റഗ്രാം ടീൻ അക്കൗണ്ടുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് മെറ്റ. ഇൻസ്റ്റഗ്രാമിൻ്റെ ഈ പുതിയ സേവനം കൂടുതൽ സുരക്ഷാ നടപടികൾ വാഗ്ദാനം ചെയ്യുന്നു. 16 വയസ്സിന് താഴെയുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചറുകൾ ലഭ്യമാകും.
കൗമാരപ്രായക്കാർക്ക് ഓൺലൈനിൽ സുരക്ഷിത അനുഭവം സൃഷ്ടിക്കുന്നതിനുള്ള സ്വകാര്യത പരിരക്ഷകളും ഒപ്പം രക്ഷിതാക്കളുടെ മേൽനോട്ടവും വാഗ്ദാനം ചെയ്യുന്നതാണ് ഈ സേവനം.
അതേസമയം കൗമാരക്കാർക്കായുള്ള ഈ ഇൻസ്റ്റഗ്രാം ഫീച്ചർ ഇൻ്റർനെറ്റിലെ അവരുടെ ഡിജിറ്റൽ ഇടപെടലിനെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതായി മെറ്റ പറയുന്നു.
ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ടീൻ അക്കൗണ്ടിന് കീഴിലാണെങ്കിൽ, മെറ്റാ അക്കൗണ്ട് ഡിഫോൾട്ടായി സ്വകാര്യമായി സൂക്ഷിക്കും. ടീൻ അക്കൗണ്ടുകൾക്ക് അവ പിന്തുടരുന്നവരിൽ നിന്നോ അല്ലെങ്കിൽ ഇതിനകം ബന്ധമുള്ളവരിൽ നിന്നോ മാത്രമേ സന്ദേശങ്ങൾ ലഭിക്കൂ.
കൗമാരക്കാരുടെ അക്കൗണ്ടുകൾ അവർ പിന്തുടരുന്ന ആളുകൾക്ക് മാത്രമേ ടാഗോ മെൻഷനോ ചെയ്യാൻ കഴിയൂ.
കൂടാതെ കൗമാരക്കാരുടെ അക്കൗണ്ടുകൾക്ക് ആന്‍റി ബുള്ളിയിങ് ഫീച്ചറും ഉണ്ടായിരിക്കും.
ഉപയോക്താക്കൾക്ക് അവരുടെ ഇൻ്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് അറിയിപ്പ് നൽകുന്ന ഫീച്ചറും ഇതിലുണ്ട്. 60 മിനിറ്റ് ദൈനംദിന ഉപയോഗത്തിന് ശേഷം ആപ്പിൽ നിന്ന് പുറത്തുകടക്കാൻ ഉപയോക്താക്കളെ ഓർമപ്പെടുത്തുകയും ചെയ്യും.
ടീൻ അക്കൗണ്ടുകളിൽ കൗമാരക്കാർ സന്ദേശമയച്ച ആളുകളുടെ ലിസ്റ്റ് മാതാപിതാക്കൾക്ക് കാണാനാകും. എന്നാൽ സന്ദേശത്തിന്റെ ഉള്ളടക്കം വായിക്കാൻ കഴിയില്ല എന്നത് സ്വകാര്യത നിലനിർത്തുന്നു.
എന്നാൽ രക്ഷിതാക്കൾക്ക് അക്കൗണ്ടിന്‍റെ സമയ പരിധി നിശ്ചയിക്കാനാകും. രാത്രിയിലോ നിയുക്ത സമയങ്ങളിലോ ഇൻസ്റ്റഗ്രാം ആക്‌സസ് നിയന്ത്രിക്കാനും രക്ഷിതാക്കളെ അനുവദിക്കുന്നതാണ് പുതിയ സേവനം.