
മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദ (ജൂലൈ-സെപ്റ്റംബർ കാലയളവിൽ) അറ്റാദായത്തിൽ 14 ശതമാനം കുറവുണ്ടായതായി മൈക്രോസോഫ്റ്റ് അറിയിച്ചു. ഈ കാലയളവിൽ കമ്പനി 17.6 ബില്യൺ ഡോളറിന്റെ അറ്റാദായമാണ് രേഖപ്പെടുത്തിയത്.
അതേസമയം പിസി വിൽപ്പന ഇടിഞ്ഞിട്ടും ആദ്യ പാദത്തിൽ മൈക്രോസോഫ്റ്റ് 11 ശതമാനം വർദ്ധനവോടെ 50.1 ബില്യൺ ഡോളറിന്റെ വരുമാനം നേടി. വളർച്ചാ മേഖലകളിൽ നിക്ഷേപിക്കുന്നതിലും പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മൈക്രോസോഫ്റ്റിന്റെ ചെയർമാനും സിഇഒയുമായ സത്യ നാദെല്ല പറഞ്ഞു.
പ്രസ്തുത പാദത്തിൽ മൈക്രോസോഫ്റ്റ് ക്ലൗഡ് വരുമാനം 24 ശതമാനം ഉയർന്ന് 25.7 ബില്യൺ ഡോളറായി. കമ്പനിയുടെ വിഭാഗങ്ങളായ ലിങ്ക്ഡ്ഇനിന്റെ വരുമാനം 17 ശതമാനം വർധിച്ചപ്പോൾ ഇന്റലിജന്റ് ക്ലൗഡിന്റെ വരുമാനം 20 ശതമാനം വർധിച്ചതായി മൈക്രോസോഫ്റ്റ് അറിയിച്ചു. എന്നാൽ പേഴ്‌സണൽ കംപ്യൂട്ടിംഗിലെ വരുമാനം 13.3 ബില്യൺ ഡോളറായി കുറഞ്ഞു.
കമ്പനിയുടെ എക്സ്ബോക്സ് ഉള്ളടക്കത്തിന്റെയും സേവനങ്ങളുടെയും വരുമാനം 3 ശതമാനം കുറഞ്ഞപ്പോൾ ഡിവൈസുകളുടെ വരുമാനം 2 ശതമാനം വർദ്ധിച്ചു.