ന്യൂഡല്‍ഹി: സ്വാതന്ത്ര്യം നേടി 75 വര്‍ഷങ്ങള്‍ക്കിപ്പുറം, ഒരു അനിഷേധ്യ ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നു. 200 വര്‍ഷത്തെ കൊളോണിയല്‍ ഭരണം തകര്‍ത്ത് തരിപ്പണമാക്കിയ ഇടത്തുനിന്നാണ് നമ്മള്‍ ആരംഭിച്ചത്. ഇപ്പോള്‍ പലമേഖലകളിലും രാജ്യം മുന്നിലാണ്. അക്കങ്ങള്‍ ഇവിടെ സംസാരിക്കട്ടെ.
പ്രതിശീര്‍ഷ വരുമാനം:ലോകബാങ്കിന്റെ കണക്കനുസരിച്ച്, മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി)ത്തില്‍ ആറാം സ്ഥാനത്താണ് ഇന്ത്യ. ഏകദേശം 3.17 ട്രില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ജിഡിപി. 1950 നെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ പ്രതിശീര്‍ഷ വരുമാനം (പിസിഐ) 500 മടങ്ങ് കുതിച്ചുയര്‍ന്നു. 1950ല്‍ 265 രൂപയായിരുന്ന പ്രതിശീര്‍ഷ വരുമാനം 2020-21ല്‍ 1,28,829 രൂപയാണ്. പുതിയ സഹസ്രാബ്ദത്തിന് ശേഷം, അതായത് 2000-01ല്‍, 18,667 രൂപയായിരുന്ന പിസിഐ അവിടെ നിന്നും ഏഴ് മടങ്ങ് ഉയര്‍ച്ചയാണ് കൈവരിച്ചത്.
വിദേശ കരുതല്‍ ശേഖരം: ബാഹ്യലോകത്തില്‍ നിന്നുള്ള ആഘാതങ്ങള്‍ക്കെതിരെ പ്രതിരോധമായി വര്‍ത്തിക്കുന്ന വിദേശ കരുതല്‍ ശേഖരം സ്വാതന്ത്ര്യത്തിന് ശേഷം 335 മടങ്ങ് കുതിച്ചുയര്‍ന്നു. ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ (എല്‍പിജി) പരിഷ്‌കാരങ്ങള്‍ നടപ്പിലായ 1990 മുതല്‍ മാത്രം, ഫോറെക്‌സ് 60 മടങ്ങ് ഉയര്‍ന്നു. 1951-52 ല്‍ 1.82 ബില്യണ്‍ ഡോളറായിരുന്ന ഫോറെക്‌സ് , 2021-22 ആയപ്പോഴേക്കും 607 ബില്യണ്‍ ഡോളറായി. ലോകത്തെ നാലാമത്തെ ഉയര്‍ന്ന നിരക്ക്. 2022 ല്‍, ഉക്രൈന്‍ യുദ്ധ കാലത്ത് സ്ഥിരത നിലനിര്‍ത്താന്‍ ഈ കരുതല്‍ ശേഖരം രാജ്യത്തെ സഹായിക്കുന്നു.
സുഗന്ധവ്യഞ്ജനത്തിന്റെ കേന്ദ്രം: ആഗോള സുഗന്ധവ്യഞ്ജന ആവശ്യത്തിന്റെ 75 ശതമാനവും നിവര്‍ത്തിക്കുന്നത് ഇന്ത്യയാണ്. ‘സ്‌പൈസ് ബാസ്‌ക്കറ്റ് ഓഫ് ദി വേള്‍ഡ്’ എന്ന പേര് ഇവിടെ അന്വര്‍ത്ഥമാകുന്നു. 1950 മായി താരതമ്യം ചെയ്യുമ്പോള്‍ സുഗന്ധവ്യഞ്ജന കയറ്റുമതി 15 മടങ്ങ് വര്‍ധിച്ചു. മൂല്യത്തില്‍ 120 മടങ്ങിന്റെ ഉയര്‍ച്ചയാണുണ്ടായത്. 2000-01 മായി താരതമ്യം ചെയ്യുമ്പോള്‍ കയറ്റുമതി വര്‍ധനവ് 8 മടങ്ങാണ്. 1950-51 ല്‍ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതി 47.2 ആയിരം ടണ്‍ ആയിരുന്നു. 2020-21ല്‍ ഇത് 1,607 ആയിരം ടണ്ണായി. കയറ്റുമതി മൂല്യം 1950ല്‍ 17 കോടി രൂപയുണ്ടായിരുന്നത് 2020-21ല്‍ 29,529 കോടി രൂപയായി ഉയര്‍ന്നു.
ഭക്ഷ്യ എണ്ണ: ഭക്ഷ്യ എണ്ണയുടെ പ്രതിശീര്‍ഷ ലഭ്യത ഇന്ത്യ വന്‍തോതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. 1960ല്‍ 3.2 കിലോഗ്രാം ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യ എണ്ണ ലഭ്യത നിലവില്‍ 19.7 കിലോ ആണ്. 6 മടങ്ങിന്റെ വര്‍ധനവാണിത്. നന്ദി പറയേണ്ടത്, 2007ല്‍ ആരംഭിച്ച ദേശീയ ഭക്ഷ്യസുരക്ഷാ ദൗത്യത്തിനാണ്. രാജ്യത്തെ എണ്ണ വിത്തുകളുടെ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഈ ദൗത്യം സഹായിച്ചു. 2020-21ല്‍ രാജ്യം 38.5 ദശലക്ഷം ടണ്‍ എണ്ണക്കുരു ഉല്‍പ്പാദിപ്പിച്ചു.
തുണിത്തരങ്ങള്‍: ടെക്‌സ്‌റ്റൈല്‍ മേഖലയിലും ഇന്ത്യ വമ്പിച്ച വളര്‍ച്ചയാണ് കൈവരിച്ചത്. പ്രതിശീര്‍ഷ തുണി ലഭ്യത 1960-61 ല്‍ 15 മീറ്ററായിരുന്നത് ,2019-20 ല്‍ 53.33 മീറ്ററായി.3.5 മടങ്ങ് വര്‍ദ്ധന.പ്രൊഡക്ഷന്‍ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതിക്ക് കീഴില്‍, ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് സര്‍ക്കാര്‍ 10,683 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനും വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്.
വാഹന ഉപഭോഗം: വളര്‍ച്ചയുടെ ചക്രങ്ങള്‍ ഉയരങ്ങള്‍ താണ്ടിയതിനാല്‍ കൂടുതല്‍ കൂടുതല്‍ ഇന്ത്യക്കാര്‍ വാഹനങ്ങള്‍ വാങ്ങാന്‍ പ്രാപ്തരായി. രാജ്യത്തെ വാഹന രജിസ്‌ട്രേഷന്‍ 1951ല്‍ 300,000 ആയിരുന്നത് 2019ല്‍ 29 ദശലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വാഹന രജിസ്‌ട്രേഷനില്‍ 9.91 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്.