![](https://www.livenewage.com/wp-content/uploads/2022/11/milma.jpg)
തിരുവനന്തപുരം: മിൽമ പാൽ വില ലീറ്ററിന് 4 മുതൽ 6 വരെ രൂപ കൂടിയേക്കും. ലീറ്ററിന് 8.57 രൂപ വർധിപ്പിക്കണമെന്ന വിദഗ്ധ സമിതി ശുപാർശ അതേപടി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.
ശുപാർശയിൽ അഭിപ്രായം രേഖപ്പെടുത്താതെയാണ് മിൽമ അതു മന്ത്രി ജെ.ചിഞ്ചുറാണിക്കു കൈമാറിയത്. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു ശേഷം മിൽമ ബോർഡ് യോഗം ചേർന്നാണു വില വർധനയിൽ അന്തിമ തീരുമാനമെടുക്കുക.
തിങ്കളാഴ്ച മുതൽ പുതുക്കിയ പാൽ വില പ്രാബല്യത്തിലായേക്കും. അതിനകം തീരുമാനമായില്ലെങ്കിൽ അടുത്ത മാസം ഒന്നു മുതൽ നടപ്പാക്കും. മിൽമ പാൽ വില കൂട്ടുന്നതോടെ സ്വകാര്യ കമ്പനികളും വില ഉയർത്താനുള്ള നീക്കത്തിലാണ്. ഇതിനായി ചർച്ചകളും തുടങ്ങി.
നെയ് വില ലീറ്ററിന് 40 രൂപ കൂട്ടി
പാൽവില കൂട്ടുമ്പോൾ അനുബന്ധ ഉൽപന്നങ്ങൾക്കും നേരിയ വില വർധനയുണ്ടാകും. ഒന്നര മാസം മുൻപ് തൈരിന് ലീറ്ററിന് 4 രൂപ കൂട്ടി. അതിനാൽ തൈരിന്റെ വില കൂട്ടേണ്ടതില്ലെന്നാണ് അഭിപ്രായം.
മിൽമയുടെ നെയ് വില ചൊവ്വാഴ്ച മുതൽ ലീറ്ററിന് 40 രൂപ കൂട്ടി. ഇതോടെ ഒരു ലീറ്റർ നെയ്യുടെ വില 640 രൂപയിൽ നിന്നു 680 രൂപയായി . 50 മില്ലി ബോട്ടിലിന് 2 രൂപയുടെ വർധന വരുത്തി.
നെയ് വില കൂട്ടുമ്പോൾ വെണ്ണയ്ക്കും മിൽമ വില വർധിപ്പിക്കുകയാണു പതിവെങ്കിലും നിലവിൽ കൂട്ടിയിട്ടില്ല.