കോഴിക്കോട്: കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ നന്ദിനി പാലിന്റെ വില്പന കേരളത്തിൽ നിയന്ത്രിക്കാൻ ധാരണ. നന്ദിനി പാൽ വിൽപ്പന മിൽമയ്ക്കു തിരിച്ചടിയായ സാഹചര്യത്തിൽ മിൽമയും സംസ്ഥാന സർക്കാരും ചെലുത്തിയ സമ്മർദത്തിനൊടുവിലാണ് അനുകൂല തീരുമാനം.
കേരളത്തിൽ നന്ദിനി പാലിന്റെ വില്പന നിയന്ത്രിക്കുമെന്നു കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ എംഡി ഉറപ്പുനൽകിയിട്ടുണ്ടെന്നു മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു.
മിൽമ നൽകുന്നതിന്റെ ഇരട്ടിയിലധികം കമ്മീഷൻ ഏജന്റുമാർക്കു നൽകിയാണു കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ നന്ദിനി പാൽ കേരളത്തിൽ വിൽക്കുന്നത്. കമ്മീഷൻ കൂടുതലാണെന്നതിനാൽ പാലിന്റെ ഗുണമേന്മ പരിഗണിക്കാതെ കച്ചവടക്കാരും വിതരണക്കാരും നന്ദിനി പാലിനോടു താത്പര്യം കാണിച്ചുതുടങ്ങിയത് മിൽമയ്ക്ക് തിരിച്ചടിയായിരുന്നു.
പാലും പാലുത്പന്നങ്ങളും ഇതര സംസ്ഥാനങ്ങളിൽ വിൽക്കുന്നതിനു കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷനു നിയമതടസം ഇല്ലാത്ത സാഹചര്യത്തിൽ ചർച്ചയിലൂടെ സമവായം ഉണ്ടാക്കാനാണു മിൽമ ശ്രമിച്ചത്.
പല തവണ മിൽമ ഈ വിഷയം ഉന്നയിച്ച് കർണാടക കന്പനിക്കു കത്തെഴുതിയെങ്കിലും മറുപടി ലഭിച്ചില്ല. മിൽമയുടെ സമ്മർദത്തെത്തുടർന്ന് കേരള ചീഫ് സെക്രട്ടറി കർണാടക സർക്കാരിനു കത്തയയ്ക്കുകയും ചെയ്തു.
ഒരു പ്രതികരണവും കിട്ടാതെ വന്നതിനൊടുവിൽ അടുത്തിടെ ഗുജറാത്തിൽ നടന്ന പാലുത്പാദന മേഖലയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ യോഗത്തിൽ മിൽമ ചെയർമാൻ കർണാടക മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് അനുകൂല തീരുമാനമുണ്ടായത്.
നിലവിലുള്ളതല്ലാതെ നന്ദിനി പാലിന്റെ കൂടുതൽ ഔട്ട്ലറ്റുകൾ കേരളത്തിൽ തുറക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി കെ.എസ്. മണി പറഞ്ഞു. നിലവിൽ കർണാടകയിൽനിന്ന് ഏകദേശം രണ്ടുലക്ഷം ലിറ്റർ പാലാണു പ്രതിദിനം മിൽമ വാങ്ങുന്നത്.
നന്ദിനി പാലിന്റെ വില്പനതന്ത്രങ്ങൾ മിൽമയുടെ മാർക്കറ്റിംഗ് വിഭാഗം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചർച്ചയിലെ തീരുമാനത്തിനു വിരുദ്ധമായ നടപടികൾ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും മിൽമ ചെയർമാൻ പറഞ്ഞു.
മഴക്കാലത്തിനു തൊട്ടുമുന്പ് കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് ആറര ലക്ഷം ലിറ്റർ പാലാണു മിൽമ പ്രതിദിനം വാങ്ങിക്കൊണ്ടിരുന്നത്.
മഴയെത്തുടർന്ന് പച്ചപ്പുൽ ലഭ്യത വർധിച്ചതോടെ കേരളത്തിൽ പാലുത്പാദനത്തിലും ചെറിയ വർധനവുണ്ടായിട്ടുണ്ട്.
കേരളത്തിനാവശ്യമുള്ള മുഴുവൻ പാലും നൽകാമെന്ന് മഹാരാഷ്ട്ര അറിയിച്ചിട്ടുണ്ടെങ്കിലും കർണാടകയിൽ നിന്നടക്കം പാൽ വാങ്ങി മുന്നോട്ടുപോകാനാണു മിൽമയുടെ തീരുമാനം.