കൊച്ചി: പാലട, പരിപ്പ്, ഗോതമ്പ്, പഴം, അടപ്രഥമൻ, സേമിയ ഇങ്ങനെ തുടങ്ങുന്നു ഓണ വിപണിയിലെ പായസ ലിസ്റ്റ്. ഓണ വിപണിയിൽ പായസം കൊഴുക്കണമെങ്കിൽ പാൽ ലഭ്യത കൂട്ടണം.
പായസത്തിന് 40 ശതമാനത്തിലധികം ബുക്കിങ് ഉയർന്നിട്ടുണ്ട്. അതിനാൽ, ഇത്തവണ മിൽമയും മറ്റ് പാൽ ബ്രാൻഡുകളുമെല്ലാം തന്നെ കേരളത്തിലേക്ക് പാൽ വരവ് ഉയർത്തിയിട്ടുണ്ട്.
ഓണ വിപണി മുന്നിൽ കണ്ട് 1.25 കോടി ലിറ്റർ പാലാണ് അയൽ സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ മിൽമ ലഭ്യമാക്കുന്നത്. അത്തം മുതൽ തിരുവോണം വരെ 10 ദിവസങ്ങളിലെ പാലിന്റെ ആവശ്യം മുന്നിൽ കണ്ടാണ് ഈ നീക്കം. കഴിഞ്ഞ വർഷം 1.10 കോടി ലിറ്റർ പാലാണ് ഉത്രാടം മുതലുള്ള നാല് ദിവസങ്ങളിൽ കേരളത്തിൽ ചെലവഴിച്ചത്.
തമിഴ്‌നാട്, കർണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളെയാണ് പാലിനായി ആശ്രയിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുക. ഉത്രാട ദിനമായ ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ വില്പന പ്രതീക്ഷിക്കുന്നത്.
അന്ന് 25 ലക്ഷം ലിറ്ററിന്റെ ആവശ്യമാണ് കണക്കാക്കിയിരിക്കുന്നത്. എന്നാൽ, മറ്റ് ബ്രാൻഡുകളും കൂടിയാകുമ്പോൾ ഇത് 50 ലക്ഷം ലിറ്ററിനു മുകളിലെത്തും. സാധാരണ ദിവസം 12 ലക്ഷം ലിറ്റർ പാലാണ് മിൽമ ഉത്പാദിപ്പിക്കുന്നത്.
നാഷണൽ ഡെയറി ഡിവലപ്മെന്റ് ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ ആദ്യ 15-ലാണ് കേരളത്തിന്റെ സ്ഥാനം. അതിനാൽ, ഉത്സവ സീസണുകളിൽ ആവശ്യത്തിന് പാലിനായി മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.
പായസത്തിൽ പാലടയും പരിപ്പും ഒപ്പത്തിനൊപ്പം
അത്തം മുതലാണ് പായസവില്പന ഉയർന്നത്. വഴിയോരങ്ങളിലടക്കം കണ്ടെയ്നർ പായസം വില്പനയ്ക്കായി എത്തിയിരുന്നു. ഒരു ലിറ്റർ, അര ലിറ്റർ എന്നിങ്ങനെയാണ് കൂടുതൽ പേരും വാങ്ങുന്നത്.
പായസത്തിലെ പ്രധാനി പാലടയാണ്. നഗര പ്രദേശങ്ങളിൽ ലിറ്ററിന് 300 രൂപ മുതലാണ് വില. എന്നാൽ, പരിപ്പ് പായസവും പാലടയ്ക്കൊപ്പം മത്സരിക്കുകയാണ്. ഒരു ലിറ്ററിന് 300 രൂപയാണ് നിരക്ക്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പരിപ്പിന് ആവശ്യം ഉയർന്നതായി വ്യാപാരികൾ പറയുന്നു.
ഹോട്ടലുകളിലും കാറ്ററിങ് മേഖലയിലും പായസ വില്പന തകൃതിയായി നടക്കുന്നുണ്ട്. കൂടാതെ, ബേക്കറികളിലും വഴിയോരങ്ങളിലും വില്പനയുണ്ട്. ഒരു ഗ്ലാസിന് 30 രൂപയാണ് നിരക്ക്. ഇളനീർ പായസത്തിനും ഡിമാൻഡ് ഏറി വരുകയാണ്.
തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പായസ ഓർഡറുകൾ കൂടുതൽ.