
മുംബൈ: ഈ സാമ്പത്തിക വർഷത്തെ ഏപ്രിൽ-ജൂൺ പാദത്തിൽ 21.3 ദശലക്ഷം രൂപയുടെ നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം (പിഎടി) നേടി വഡോദര ആസ്ഥാനമായുള്ള മാക്‌സിമസ് ഇന്റർനാഷണൽ ലിമിറ്റഡ് (എംഐഎൽ). ഇത് 2021 ജൂൺ പാദത്തിലെ ലാഭമായ 10.9 ദശലക്ഷം രൂപയെക്കാൾ 96 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.
പ്രസ്തുത പാദത്തിലെ കമ്പനിയുടെ നികുതിക്ക് മുമ്പുള്ള ലാഭം മുൻ വർഷത്തെ 11.6 ദശലക്ഷം രൂപയിൽ നിന്ന് 24.5 ദശലക്ഷമായി ഉയർന്നു. കൂടാതെ ഈ കാലയളവിൽ എംഐഎല്ലിന്റെ ഇബിഐടിടിഎ 30 ദശലക്ഷം രൂപയായി വളർന്നു. ഫലത്തിന് മുന്നോടിയായി വെള്ളിയാഴ്ച കമ്പനിയുടെ ഓഹരികൾ 4.76 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 268.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ആഫ്രിക്കൻ, മിഡിൽ ഈസ്റ്റേൺ വിപണികളിൽ ശക്തമായ സാന്നിധ്യമുള്ള സ്‌പെഷ്യാലിറ്റി ലൂബ്രിക്കന്റുകളുടെ മുൻനിര നിർമ്മാതാവും വിതരണക്കാരനുമായ മാക്‌സിമസ് ഇന്റർനാഷണലിന്റെ ഒന്നാം പാദത്തിലെ ഏകീകൃത വരുമാനം 238.7 ദശലക്ഷം രൂപയാണ്. വരുമാനത്തിൽ 21 ശതമാനത്തിന്റെ വർധനവാണ് കമ്പനി നേടിയത്. തങ്ങൾ കിഴക്കൻ ആഫ്രിക്കയിലെ വിപുലീകരണ പദ്ധതികൾക്ക് അന്തിമരൂപം നൽകിയതായി വരുമാനം പ്രസ്താവനയോടൊപ്പം എംഐഎൽ അറിയിച്ചു.
കമ്പനി അതിന്റെ സ്റ്റെപ്പ് ഡൗൺ സബ്‌സിഡിയറികളായ ക്വാണ്ടം ലൂബ്രിക്കന്റ്‌സ് ഇഎ ലിമിറ്റഡ് (ക്യുഎൽഎൽ), മാക്‌സിമസ് ലൂബ്രിക്കന്റ്‌സ് എൽഎൽസി (എംഎൽഎൽ) എന്നിവയിലൂടെ ആഫ്രിക്കയിലെയും മിഡിൽ ഈസ്റ്റിലെയും നിർമ്മാണ-വിതരണ മേഖലയിൽ പ്രവർത്തിക്കുന്നു.