തിരുവനന്തപുരം: സംസ്ഥാനത്ത് മുൻപെങ്ങുമില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി നിയമസഭയിൽ ആവർത്തിച്ചു. സംസ്ഥാന പരിധിക്ക് പുറത്തുള്ള കാര്യങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎൻ ബാലഗോപാൽ നൽകുന്ന വിശദീകരണം.
കേന്ദ്രം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഫണ്ടുകൾ വെട്ടിക്കുറയ്ക്കുന്നു. ഗ്രാന്റ് വെട്ടിക്കുറച്ചു. ജിഎസ് ടി നഷ്ടപരിഹാരമില്ല. എല്ലാ രീതിയിലും കേന്ദ്രം കേരളത്തെ വരിഞ്ഞ് മുറുക്കുകയാണ്. ഇതിനെതിരെ സംസ്ഥാനം ഒറ്റക്കെട്ടായി നിൽക്കണമെന്നും ധനമന്ത്രി അഭ്യർത്ഥിച്ചു.
കേരളം സാമ്പത്തികമായി തകർന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. കേരളത്തേക്കാൾ തകർന്ന നാലു സംസ്ഥാനങ്ങളുടെ പേര് പറഞ്ഞ് നമ്മൾ മെച്ചമാണെന്ന് വേണമെങ്കിൽ പറയാമെന്നും തിരുവഞ്ചൂർ പരിഹസിച്ചു.
സംസ്ഥാനത്ത് ധൂർത്തും കെടുകാര്യസ്ഥതയുമാണെന്നും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമിതാണെന്നും രമേശ് ചെന്നിത്തലയും തുറന്നടിച്ചു. ഇതിന് മറുപടി നൽകിയ മന്ത്രി, സംസ്ഥാനത്തിന്റെ കരുത്ത് രാഷ്ട്രീയ അടിസ്ഥാനത്തിൽ കുറച്ചു കാണരുതെന്ന് നിർദ്ദേശിച്ചു.