ബ്രിട്ടീഷ് കൊളോണിയൽ കാലത്തിന് മുൻപ് ലോക സമ്പദ്ഘടനയുടെ 23 ശതമാനമായിരുന്നു ഇന്ത്യയുടെ സംഭാവന. ബ്രിട്ടീഷുകാർ ഇന്ത്യ വിടുന്ന 1947 ൽ അത് 4 ശതമാനമായി താഴ്ന്നു. ആഗോള ടെക്സ്റ്റൈൽ വിപണിയുടെ 27 ശതമാനമായിരുന്നു ബ്രിട്ടീഷ് ഭരണം തുടങ്ങുമ്പോൾ ഇന്ത്യയുടെ വിപണി വിഹിതമെങ്കിൽ അത് സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും 2 ശതമാനമായി.
സുദീർഘമായ ഒരു സാംസ്‌കാരിക പൈതൃകം മാത്രമല്ല സമ്പന്നമായ ഒരു സാമ്പത്തിക, വാണിജ്യ പശ്ചാത്തലവും ഇന്ത്യക്കുണ്ട്.
കൊളോണിയൽ കാലഘട്ടത്തിൽ അസ്ഥിരമായ സമ്പദ്ഘടനയാണ് കഴിഞ്ഞ 75 വർഷം കൊണ്ട് ഇന്ത്യ തിരിച്ചു പിടിച്ചത്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു പഞ്ചവത്സര പദ്ധതികളിലൂടെ ഇന്ത്യൻ വളർച്ചയുടെ അടിത്തറയിട്ടു. ലോകോത്തര സ്ഥാപനങ്ങളുടെ സംസ്ഥാപനത്തിലൂടെ ഗതിവേഗമേറിയ മുന്നേറ്റത്തിന് പശ്ചാത്തലമൊരുക്കി. മിക്സഡ് ഇക്കോണമിയിലൂടെ പൊതുമേഖലയെയും ചലിപ്പിച്ചു. ധവള വിപ്ലവവും, ഹരിത വിപ്ലവവും ഇന്ത്യയെ മുന്നോട്ടു നയിച്ചു.
1991ൽ നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഇന്ത്യ വിപണി തുറന്നു കൊടുക്കുന്നത്. അതോടെ രാജ്യത്തിന്റെ കുതിപ്പിന് തുടക്കമായി. ആഗോളവത്കരണം, സ്വകാര്യവത്കരണം, ഉദാരവൽക്കരണം എന്നിവ യാഥാർഥ്യമായി. തുറന്ന വിപണിയുടെ ചിറകിലേറി ഇന്ത്യൻ സമ്പദ്ഘടന മുന്നേറി. സ്വകാര്യ സംരംഭകർ അത്ഭുതങ്ങൾ കാഴ്ചവയ്ക്കാൻ തുടങ്ങി. ലൈസൻസ് രാജിന് അവസാനമായി.
അടിസ്ഥാന സൗകര്യവികസനത്തിൽ വാജ്‌പേയ് സർക്കാർ മികച്ച മുന്നേറ്റം നടത്തി. അക്കാലയളവിൽ ഇന്ത്യ ആണവ ശക്തിയുമായി. തുടർന്ന് ബഹിരാകാശ ഗവേഷണ, പരീക്ഷണങ്ങളിൽ രാജ്യം മുന്നേറി. ഐഎസ്ആർഒ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി വളർന്നു. കാറ്റിലും, കോളിലും ഉലയാതെ മൻമോഹൻസിങ് മാന്ദ്യകാലത്ത് ഇന്ത്യൻ ജൈത്രയാത്രക്ക് നേതൃത്വം നൽകി. മോദി ഭരണം ഇന്ത്യൻ അഭിനിവേശങ്ങൾക്ക് സ്വപ്നച്ചിറകേകി, സ്റ്റാർട്ടപ്പുകളുടെ വസന്തം വിരിഞ്ഞു. ഡിജിറ്റൽ ഇക്കോണമി യാഥാർഥ്യമായി. ബ്രാൻഡ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചു.
ലോക സമ്പദ്ഘടനകൾക്ക് വളർച്ചാ വേഗത കുറഞ്ഞപ്പോൾ ഇന്ത്യ വളർച്ചാ താളം നിലനിറുത്തുക തന്നെ ചെയ്തു. ഇന്ത്യൻ പ്രതിഭകൾ മൾട്ടിനാഷണൽ കമ്പനികളുടെ അമരത്തെത്തി. ഇന്ത്യൻ അധിനിവേശം എന്ന് വിദേശ മാധ്യമങ്ങൾ വാഴ്ത്താനും തുടങ്ങി. ഇന്ന് ഇന്ത്യയിലേക്ക് വിദേശനിക്ഷേപം ഒഴുകുന്നത് ലോകത്തെ ഏറ്റവും സ്ഥിരതയുള്ള വിപണി എന്ന നിലയിലാണ്. ജനസംഖ്യാ വളർച്ചയും ആനുപാതികമായ യുവജന പങ്കാളിത്തവും തൊഴിൽശേഷിയും രാജ്യത്തിന് കരുത്തായി മാറുകയാണ്. സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ ശക്തിരാജ്യങ്ങളിൽ ഒന്നാമതാണ് ഇന്ത്യ. ജിഡിപി യിൽ ആറാമതും.
2030 ൽ മൂന്നാമത്തെ വലിയ ലോക സമ്പദ്ഘടനയാകാൻ ഇന്ത്യ ലക്ഷ്യമിടുന്നു. 2047 ൽ ഇന്ത്യൻ സ്വാതന്ത്ര്യം നൂറാം വാർഷികം ആഘോഷിക്കുമ്പോൾ ലോകത്തെ ഒന്നാമത്തെ ശാക്തിക രാജ്യമാവുക എന്ന സ്വപ്നത്തിലേക്കാണ് ഇനി രാജ്യത്തിന്റെ ശ്രദ്ധ.