മുംബൈ: ഓഗസ്റ്റ് മാസത്തെ മൊത്തത്തിലുള്ള വായ്പ വിതരണത്തിൽ 75% വാർഷിക വളർച്ച രേഖപ്പെടുത്തി നോൺ-ബാങ്ക് ഫിനാൻസ് കമ്പനിയായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് (എംഎംഎഫ്എസ്). ഈ മികച്ച നേട്ടത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു. നിലവിൽ എം&എം ഫിനാൻസ് ഓഹരികൾ 3.66 ശതമാനത്തിന്റെ നേട്ടത്തിൽ 216.45 രൂപയിലാണ് വ്യാപാരം നടത്തുന്നത്.
2022 ഓഗസ്റ്റിൽ 3,740 കോടി രൂപയുടെ വിതരണം നടത്തിയതായി കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ പരാമർശിച്ചു. എന്നിരുന്നാലും, തുടർച്ചയായ അടിസ്ഥാനത്തിൽ ഇത് 4.4 ശതമാനം കുറഞ്ഞു. ജൂലൈയിലും (3,912 കോടി രൂപ), ജൂൺ മാസത്തിലും (3,750 കോടി രൂപ) വിതരണം ചെയ്തതിനേക്കാൾ കുറവാണ് ഓഗസ്റ്റിലെ സംഖ്യ.
അതേസമയം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം വിതരണം ചെയ്ത ആകെ തുക 17,150 കോടി രൂപയാണ്. കൂടാതെ മൊത്ത ബിസിനസ് ആസ്തികൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനവും പ്രതിമാസം 3 ശതമാനവും ഉയർന്നു. 2021 ഓഗസ്റ്റിലെ 97 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസത്തിലെ കളക്ഷൻ കാര്യക്ഷമത (സിഇ) 96 ശതമാനമായി സ്ഥിരത പുലർത്തി.
2022 സെപ്റ്റംബറിൽ സ്റ്റേജ് 2, സ്റ്റേജ് 3 ആസ്തികളിൽ കമ്പനി ഒരു പുരോഗതി പ്രതീക്ഷിക്കുന്നു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ഗ്രാമീണ നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (MMFSL). രാജ്യത്തുടനീളം 1000+ ഓഫീസുകളുള്ള ഇന്ത്യയിലെ മികച്ച ഫിനാൻസ് കമ്പനികളിൽ ഒന്നാണിത്.