മുംബൈ: ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇലക്ട്രിക് വാഹനങ്ങൾ (ഇവികൾ) നിർമ്മിക്കുന്നതിനുള്ള പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിന് 250 മില്യൺ മുതൽ 500 മില്യൺ ഡോളർ വരെ സമാഹരിക്കുന്നതിന് ആഗോള നിക്ഷേപകരുമായി ചർച്ച നടത്തി വരുന്നതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആഗോള ഗ്രീൻ ഫണ്ടുകളുമായും പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളുമായും മഹീന്ദ്ര നേരത്തെത്തനെ ചർച്ചകളിലാണെന്നും. ഇവി ബിസിനസ് കെട്ടിപ്പടുക്കാൻ സഹായിക്കാൻ കഴിയുന്ന ഒരു ദീർഘകാല നിക്ഷേപകനെയാണ് കമ്പനിക്ക് ആവശ്യമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിക്ഷേപകരിൽ നിന്ന് 250-500 മില്യൺ ഡോളർ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ജൂലൈയിൽ ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റിൽ (ബിഐഐ) നിന്ന് 250 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം മഹീന്ദ്രയുടെ പുതിയ ഇവി യൂണിറ്റിന്റെ മൂല്യം 9.1 ബില്യൺ ഡോളറായി ഉയർന്നിരുന്നു. എന്നാൽ മാധ്യമ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കമ്പനി തയ്യാറായില്ല.