മുംബൈ: മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഫ്രഞ്ച് യൂണിറ്റായ പ്യൂഗെറ്റ് മോട്ടോസൈക്കിൾസിന്റെ 50 ശതമാനം ഓഹരികൾ ജർമ്മനി ആസ്ഥാനമായുള്ള മ്യൂട്ടറസ് എസ്ഇ ആൻഡ് കോ ഏറ്റെടുക്കും. ഫ്രാൻസ് ആസ്ഥാനമായുള്ള പ്യൂഗെറ്റ് മോട്ടോസൈക്കിൾസിന്റെ (പിഎംടിസി) 50 ശതമാനം ഓഹരി സ്വന്തമാക്കാൻ മ്യൂട്ടറസ് ബൈൻഡിംഗ് ഓഫർ സമർപ്പിച്ചതായി മുംബൈ ആസ്ഥാനമായുള്ള കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
കരാറിന്റെ ഭാഗമായി, മ്യൂട്ടറസ് ഹോൾഡിങ്ങിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള സ്ഥാപനമായ പർപ്പിൾ, പിഎംടിസിയിൽ 7 ദശലക്ഷം യൂറോ നിക്ഷേപിക്കും. ഇതിലൂടെ മ്യൂട്ടറസിന് ഫ്രഞ്ച് സ്ഥാപനത്തിന്റെ 50.01 ശതമാനം ഓഹരിയും, വോട്ടിംഗ് അവകാശവും ലഭിക്കും.
പുതിയ ഉൽപ്പന്ന ലോഞ്ചുകൾക്കും വരും വർഷങ്ങളിൽ പ്രതീക്ഷിക്കുന്ന ശക്തമായ വളർച്ചയ്ക്കും പിന്തുണ നൽകുന്നതിനായി തങ്ങൾ കമ്പനിയുടെ സഹ-ഓഹരിയുടമകളായി തുടരുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര (എം ആൻഡ് എം) പറഞ്ഞു. 2023 ന്റെ ആദ്യ പാദത്തിൽ നിർദിഷ്ട ഇടപാട് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇടപാട് പൂർത്തിയാകുമ്പോൾ പിഎംടിസിയും അതിന്റെ യൂണിറ്റുകളായ പ്യൂഗെറ്റ് മോട്ടോസൈക്കിൾസ് ഇറ്റാലിയ, പിഎംടിസി എഞ്ചിനീയറിംഗ്, പ്യൂഗെറ്റ് മോട്ടോസൈക്കിൾസ് ഡച്ച് എന്നിവയും മഹീന്ദ്ര ടൂ വീലേഴ്‌സ് യൂറോപ്പ് ഹോൾഡിംഗ്‌സിന്റെ (MTWEH) അനുബന്ധ സ്ഥാപനങ്ങളായി മാറും. ഫ്രാൻസ് ആസ്ഥാനമായുള്ള പിഎംടിസി ഏകദേശം 140 ദശലക്ഷം യൂറോ വരുമാനം ഉണ്ടാക്കുന്നു. ഇത് ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിർമ്മിക്കുന്നു.
അതേസമയം ഒരു ലിസ്‌റ്റഡ് പ്രൈവറ്റ് ഇക്വിറ്റി ഹോൾഡിംഗ് കമ്പനിയാണ് മ്യൂണിക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മ്യൂട്ടറസ്.