ന്യൂഡൽഹി: വിവേകാനന്ദപ്പാറയിലെ ധ്യാനത്തിനുശേഷം ഡൽഹിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ചമുഴുവൻ യോഗങ്ങൾക്കായി മാറ്റിവെച്ചു.
മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ നൂറുദിന കർമപരിപാടി, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടവും പുനരധിവാസ പ്രവർത്തനങ്ങളും, വടക്കേയിന്ത്യയിലെ ഉഷ്ണതരംഗം, പരിസ്ഥിതിദിനാഘോഷപരിപാടികൾ തുടങ്ങിയവ ചർച്ചചെയ്യാനായി ഏഴുയോഗങ്ങളിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
എക്സിറ്റ് പോൾ ഫലങ്ങൾ എൻ.ഡി.എ.യ്ക്കും ബി.ജെ.പി.ക്കും വൻവിജയം പ്രവചിച്ചതിനുപിന്നാലെ ഫലംവരാൻ കാത്തുനിൽക്കാതെത്തന്നെ ജോലിക്ക് തുടക്കംകുറിച്ചിരിക്കയാണ് പ്രധാനമന്ത്രി.
തിരഞ്ഞെടുപ്പുപ്രചാരണം തുടങ്ങുംമുമ്പുതന്നെ സമ്പൂർണ കാബിനറ്റ് യോഗം വിളിച്ച പ്രധാനമന്ത്രി നൂറുദിന കർമപരിപാടി ആസൂത്രണംചെയ്യാൻ എല്ലാ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നിർദേശംനൽകിയിരുന്നു. സുപ്രധാന തീരുമാനങ്ങളെല്ലാം ആദ്യദിവസങ്ങളിൽത്തന്നെ നടപ്പാക്കുകയാണ് ഉദ്ദേശ്യം.
ഉദ്യോഗസ്ഥ നിയമനക്കാര്യവും ചർച്ചയായി. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഡോ. പി.കെ. മിശ്രയും ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലും തുടരുമെന്നാണ് സൂചന. ഇതിനുപുറമേ പുതിയ സൈനികത്തലവൻ, ഇന്റലിജൻസ് ഡയറക്ടർ എന്നിവരുടെ നിയമനങ്ങളും ആദ്യഘട്ടത്തിലുണ്ടാവും.
പ്രധാനമന്ത്രിയുടെ ഏഴ് ലോക് കല്യാൺ മാർഗിലെ വസതിയിലായിരുന്നു യോഗങ്ങൾ. റമേൽ ചുഴലിക്കാറ്റ് നാശംവിതച്ച മിസോറം, അസം, മണിപ്പുർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും വസ്തുവകകൾക്കും നാശമുണ്ടായതും യോഗം ചർച്ചചെയ്തു. ഈ സംസ്ഥാനങ്ങൾക്ക് തുടർന്നും കേന്ദ്രം സഹായം നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി.
ഒപ്പം രാജ്യത്തെ ഉഷ്ണതരംഗവും കാലവർഷത്തിനുമുന്നോടിയായുള്ള തയ്യാറെടുപ്പും പ്രധാനമന്ത്രി അവലോകനംചെയ്തു. ആശുപത്രികളിലും മറ്റ് പൊതുസ്ഥലങ്ങളിലും ഫയർ ഓഡിറ്റും സുരക്ഷാ ഓഡിറ്റും പതിവായി നടത്തണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി തുടങ്ങിയവരും വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.