ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ നടന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) മീറ്റിംഗ് മിനുറ്റ്‌സ് ബുധനാഴ്ച പുറത്തുവന്നു. 25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധന വരുത്താന്‍ യോഗം തീരുമാനമെടുത്തിരുന്നു. കര്‍ശന നിലപാട് തുടരാന്‍ കേന്ദ്രബാങ്ക് തയ്യാറാകുമെന്നാണ് മീറ്റിംഗ് മിനുറ്റ്‌സ് വ്യക്തമാക്കുന്നത്.
അതേസമയം നിരക്ക് വര്‍ധന എത്രയാകും എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. 6.5 ശതമാനമാണ് നിലവിലെ റിപ്പോ നിരക്ക്. 2018 ന് ശേഷമുള്ള ഉയര്‍ന്നത്.
കര്‍ശന നടപടികള്‍ തുടരേണ്ടതിന്റെ ആവശ്യകതയിലേയ്ക്കാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വിരല്‍ ചൂണ്ടുന്നത്. പ്രത്യേകിച്ചും കോര്‍ പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍. പ്രഖ്യാപിക്കപ്പെട്ട നയങ്ങളുടെ സ്വാധീനം, നിരക്ക് കുറച്ചുകൊണ്ട് തല്ലിക്കെടുത്തരുതെന്ന് കഴിഞ്ഞ മീറ്റിംഗില്‍ ഗവര്‍ണര്‍ പറഞ്ഞു.
നിരക്ക് വര്‍ധന തടസ്സപ്പെടുത്തുന്നത് അവിവേകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളുടെ ഫലം കുറയ്ക്കാന്‍ നടപടി കാരണമാകും. വീണ്ടും ഒന്നില്‍ നിന്ന് തുടങ്ങാന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരാകും.
മാത്രമല്ല, നിലനില്‍ക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ച് ആറംഗ എംപിസിയുടെ തലവന്‍ കൂടിയായ ഗവര്‍ണര്‍ സംസാരിച്ചു. ഭൗമ രാഷ്ട്രീയ സാഹചര്യം വഷളാകുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പത്തിന്റെ ദിശ പ്രവചിക്കുക അസാധ്യമാണെന്ന് അദ്ദേഹം കരുതുന്നു. ആഗോള സമ്പദ് വ്യവസ്ഥയിലെ ചാഞ്ചാട്ടം, ചരക്ക് വില വര്‍ദ്ധന, എണ്ണവിലയിലെ ചാഞ്ചാട്ടം, കാലാവസ്ഥ മാറ്റം എന്നിവയാണ് അനിശ്ചിതത്വമുണ്ടാക്കുന്ന ഘടകങ്ങള്‍.
അതേസമയം ആഗോള സാഹചര്യം ഡിസംബറിനെ അപേക്ഷിച്ച് മെച്ചപ്പെട്ടുവെന്ന് ഗവര്‍ണര്‍ സമ്മതിക്കുന്നു.