![](https://www.livenewage.com/wp-content/uploads/2023/04/Monsoon-e1681204130260.jpg)
ന്യൂഡല്‍ഹി: ചില പ്രദേശങ്ങള്‍ ഒഴികെ ജൂലൈയില്‍ രാജ്യത്തുടനീളം മണ്‍സൂണ്‍ സാധാരണ നില കൈവരിക്കും, ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പറഞ്ഞു. ജൂലൈയിലെ മഴ ജൂണിലെ കുറവുകള്‍ തുടച്ചുനീക്കുമെന്ന്‌ഐഎംഡി ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയ് മൊഹാപത്ര അറിയിക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പ്രകടനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ലഘൂകരിച്ച് മഴയുടെ കുറവ് 10 ശതമാനമായിട്ടുണ്ട്.
ബീഹാറിലും കേരളത്തിലും ഇത് യഥാക്രമം 69 ശതമാനവും 60 ശതമാനവുമാണെന്ന്
മൊഹാപത്ര പറഞ്ഞു.ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ജാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാള്‍ കുറവ് മഴയാണ് ലഭിച്ചത്.
മൊത്തം 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മഴക്കുറവ് അനുഭവപ്പെട്ടു. അതേസമയം ജൂലൈയിലെ മഴ ബെഞ്ച്മാര്‍ക്ക് ലോംഗ് പീരിയഡ് ശരാശരിയുടെ (എല്‍പിഎ) 100 ശതമാനമാകും. 1971-2020 ലെ ഡാറ്റയെ അടിസ്ഥാനമാക്കി ജൂലൈയില്‍ രാജ്യത്തുടനീളം ലഭിച്ച മഴയുടെ ദീര്‍ഘകാല ശരാശരി (എല്‍പിഎ) ഏകദേശം 280.4 മില്ലിമീറ്ററാണെന്നും ഐഎംഡി ചൂണ്ടിക്കാട്ടി.
എന്നിരുന്നാലും, ഉത്തര്‍പ്രദേശ്, ബീഹാര്‍, അസം, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളില്‍ ജൂലൈയില്‍ ‘സാധാരണയില്‍ താഴെ’ മഴ ലഭിച്ചേക്കാം, ഇത് ഈ സംസ്ഥാനങ്ങളിലെ നെല്ല്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവയെ ബാധിക്കാന്‍ സാധ്യതയുണ്ട്. പോസിറ്റീവ് ഇന്ത്യന്‍ ഓഷ്യന്‍ ഡൈപോള്‍ (ഐഒഡി) പ്രതിഭാസം കാരണം എല്‍നിനോയുടെ സ്വാധീനം കുറയുമെന്നും മൊഹാപത്ര കൂട്ടിച്ചേര്‍ത്തു.
മണ്‍സൂണിനെ പ്രതികൂലമായി ബാധിക്കുന്ന എല്‍ നിനോ സാഹചര്യങ്ങള്‍ ജൂലൈ അവസാനത്തോടെ വികസിക്കാന്‍ സാധ്യതയുണ്ട്.