മുംബൈ: ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) വഴി പ്രതിമാസം നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 24,000 കോടി രൂപക്ക് മുകളിലെത്തി.
സെപ്‌റ്റംബറില്‍ എസ്‌ഐപി വഴി നിക്ഷേപിക്കപ്പെട്ടത് 24,508.73 കോടി രൂപയാണ്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനയാണ് എസ്‌ഐപി നിക്ഷേപത്തിലുണ്ടായത്. മുമ്പത്തെ രണ്ട് മാസവും 23,000 കോടി രൂപക്ക് മുകളിലായിരുന്നു എസ്‌ഐപി നിക്ഷേപം.
ഓഗസ്റ്റില്‍ 23,547 കോടി രൂപയും ജൂലൈയില്‍ 23,332 കോടി രൂപയുമാണ് ഇക്വിറ്റി ഫണ്ടുകളില്‍ എസ്‌ഐപിയായി നിക്ഷേപിക്കപ്പെട്ടത്. ഒരു മാസം എസ്‌ഐപി വഴി നിക്ഷേപിക്കപ്പെടുന്ന തുക ആദ്യമായി 23,000 കോടി രൂപക്ക് മുകളിലെത്തുന്നത് ജൂലൈയിലാണ്.
സെപ്‌റ്റംബറില്‍ ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലെ മൊത്തം നിക്ഷേപം മുന്‍മാസത്തേക്കാള്‍ പത്ത് ശതമാനം കുറഞ്ഞപ്പോഴാണ് എസ്‌ഐപി നിക്ഷേപത്തില്‍ വര്‍ധനയുണ്ടായത് എന്നതാണ് കൗതുകകരം. മുന്‍വര്‍ഷം സെപ്‌റ്റംബറുമായി താരതമ്യം ചെയ്യുമ്പോള്‍ എസ്‌ഐപി നിക്ഷേപത്തിലുണ്ടായ വര്‍ധന 52 ശതമാനമാണ്.
മൊത്തം എസ്‌ഐപി അക്കൗണ്ടുകളുടെ എണ്ണം സെപ്‌റ്റംബറില്‍ 98.74 ദശലക്ഷമായി വര്‍ധിച്ചു. ഓഗസ്റ്റില്‍ 96.13 ദശലക്ഷമായിരുന്നു. മൊത്തം എസ്‌ഐപി അക്കൗണ്ടുകളിലെ നിക്ഷേപം 13.81 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇതും മറ്റൊരു റെക്കോഡാണ്.
ഇക്വിറ്റി ഫണ്ടുകള്‍ മൊത്തം കൈകാര്യം ചെയ്യുന്ന നിക്ഷേപം 68 ലക്ഷം കോടി രൂപയാണ്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യത്തെ ആറു മാസം കൊണ്ടുതന്നെ മൊത്തം എസ്‌ഐപി നിക്ഷേപം 1.3 ലക്ഷം കോടി രൂപക്ക് മുകളിലെത്തി.
1,33,924 കോടി രൂപയാണ് ഏപ്രില്‍ മുതല്‍ സെപ്‌റ്റംബര്‍ വരെ എസ്‌ഐപി വഴി ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,99,219 കോടി രൂപയായിരുന്നു എസ്‌ഐപി നിക്ഷേപം.
പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളിലെയോ ബാങ്കുകളിലെയോ റെക്കറിംഗ് ഡെപ്പോസിറ്റുകളില്‍ എല്ലാ മാസവും നിശ്ചിത തീയതിക്ക് നിശ്ചിത തുക നിക്ഷേപിക്കുന്നതു പോലെ മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍.
സാധാരണക്കാര്‍ക്കും ഓഹരി നിക്ഷേപം സാധ്യമാക്കുന്ന ഏറ്റവും ഉചിതമായ നിക്ഷേപ രീതിയാണ് ഇത്.