ഇസ്ലാമാബാദ്: വൻ സാമ്പത്തിക പ്രതിസന്ധിയും പ്രളയവും നേരിടുന്ന പാകിസ്താന് പ്രഹരമേൽപ്പിച്ച് അഞ്ച് ബാങ്കുകളുടെ റേറ്റിങ് താഴ്ത്തി. രാജ്യാന്തര ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസ് ആണ് റേറ്റിങ് താഴ്ത്തിയത്.
അലൈഡ് ബാങ്ക് ലിമിറ്റഡ്, ഹബീബ് ബാങ്ക് ലിമിറ്റഡ്, എം.സി.ബി ബാങ്ക് ലിമിറ്റഡ്, നാഷണൽ ബാങ്ക് ഓഫ് പാകിസ്താൻ, യുനൈറ്റഡ് ബാങ്ക് ലിമിറ്റഡ് എന്നിവയാണ് റേറ്റിങ് താഴ്ത്തിയ ബാങ്കുകൾ.
ബാങ്കുകളുടെ ദീർഘകാല നിക്ഷേപ റേറ്റിങ് സി.എ.എ.എ 1ൽ നിന്ന് ബി 3യിലേക്കാണ് താഴ്ത്തിയത്.
ലോങ് ടേം ഫോറിങ് കറൻസി കൗണ്ടർപാർട്ടി റിസ്ക് റേറ്റിങ് സി.എ.എ.എ 1ൽ നിന്ന് ബി3ലേക്കും താഴ്ത്തിയിട്ടുണ്ട്.
ബാങ്കുകൾക്ക് പിന്തുണ നൽകുന്നതിൽ പാക് സർക്കാർ കുറവ് വരുത്തിയതാണ് തിരിച്ചടിക്ക് കാരണമായത്. അതേസമയം, റേറ്റിങ് താഴ്ത്തിയ മൂഡീസിന്‍റെ നടപടി പാകിസ്താൻ തള്ളികളഞ്ഞു. യാഥാർഥ്യം മനസിലാക്കാതെ ഏകപക്ഷീയമായ നടപടിയാണ് മൂഡീസ് സ്വീകരിച്ചതെന്ന് പാക് ധനമന്ത്രി ഇഷാഖ് ദർ കുറ്റപ്പെടുത്തി.
നേരത്തെ, ഇന്ത്യയുടെ റേറ്റിങ് ബി.എ.എ 2ൽ നിന്ന് ബി.എ.എ 3ലേക്ക് മൂഡീസ് താഴ്ത്തിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വളർച്ച നിരക്ക് 2.5 ശതമാനമായാണ് മൂഡീസ് വെട്ടിക്കുറച്ചത്.
കോവിഡിന് പുറമെ രാജ്യത്തെ സാമ്പത്തിക പരിഷ്കാര നടപടികൾ നടപ്പാക്കുന്നതിലെ വീഴ്ച, മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ച, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക പ്രതിസന്ധി, ഇന്ത്യൻ സമ്പദ്വ്യവസ്ഥ നേരിടുന്ന സമ്മർദ്ദം തുടങ്ങിയവയും റേറ്റിങ് താഴ്ത്താനുള്ള കാരണമായി മൂഡീസ് ചൂണ്ടിക്കാട്ടിയിരുന്നു.