Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

രാജ്യത്തിന്റെ ഊർജ സ്വയം പര്യാപ്തത ഉറപ്പുവരുത്താനും സുസ്ഥിര വികസനത്തിനായും പരിസ്ഥിതി സൗഹാർദമാകാനും ലക്ഷ്യമിട്ടുകൊണ്ടാണ് സർക്കാർ തലത്തിൽ താരതമ്യേന മികച്ച പിന്തുണ പുനരുപയോഗ ഊർജ പദ്ധതികൾക്ക് കൊടുക്കുന്നത്.

ഇതിന്റെ ഭാഗമായാണ് പുരപ്പുറ സൗരോർജ പദ്ധതികൾ (റൂഫ്ടോപ് സോളാർ പ്ലാന്റ്) രാജ്യത്ത് പ്രോത്സാഹിപ്പിക്കുന്നതിനായി പിഎം സൂര്യഘർ പദ്ധതി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. വളരെ വേഗത്തിൽ ഈ പദ്ധതി ജനകീയമാകുകയും ചെയ്തു.

ഈയൊരു പശ്ചാത്തലത്തിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പിഎം സൂര്യഘർ പദ്ധതിയുടെ വിഹിതം ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച പൊതു ബജറ്റിൽ വർധിപ്പിച്ചിട്ടുണ്ട്. 2025 ഏപ്രിൽ – 2026 മാർച്ച് വരെയുള്ള കാലയളവിലേക്കായി 20,000 കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചിരിക്കുന്നത്.

ഇതു കഴിഞ്ഞ തവണത്തെ ബജറ്റ് വിഹിതത്തേക്കാൾ കൂടുതലുമാകുന്നു. അതേസമയം സൂര്യഘർ പദ്ധതിയുടെ ബജറ്റ് വിഹിതം ഉയർത്തിയത് കേരളത്തിന് രണ്ട് തരത്തിൽ നേട്ടമാകും. എങ്ങനെയെന്ന് വിശദമായി നോക്കാം.

പദ്ധതി നിർവഹണത്തിൽ മുന്നിൽ
വീടുകളുടെ പുരപ്പുറത്ത് സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ സബ്സിഡി നൽകുന്ന പിഎം സൂര്യഘർ പദ്ധതിയുടെ നിർവഹണത്തിൽ കേരളം ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നുണ്ട്.

അതായത്, സൂര്യഘർ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നവരിൽ നിന്നും വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നവരുടെ അനുപാതത്തിലും ഇത്തരം ഉപയോക്താക്കൾക്ക് സബ്സിഡി ആനുകൂല്യം വിതരണം ചെയ്യുന്നതിലും സംസ്ഥാനം രാജ്യത്ത് തന്നെ മുൻനിരയിലാണെന്ന് സാരം.

ഇക്കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാരും പുനരുപയോഗ ഊർജ കോർപറേഷനും ചേർന്ന് പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, കേരളത്തിൽ പിഎം സൂര്യഘർ പദ്ധതിയിലേക്ക് അപേക്ഷിച്ചവരിൽ 55.34% ആളുകളും വീടുകളുടെ പുരപ്പുറത്ത് സോളാർ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്.

ഇതിനോടൊപ്പം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 48,939 പേർക്ക് സബ്സിഡി തുകയായി മൊത്തം 381 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.

അതായത്, 2025-26 സാമ്പത്തിക വർഷത്തേക്കുള്ള പിഎം സൂര്യഘർ പദ്ധതിയുടെ ബജറ്റ് വിഹിതം വർധിപ്പിച്ചതോടെ ഇരട്ടി നേട്ടത്തിനുള്ള അവസരമാണ് കേരളത്തിന് മുന്നിൽ തുറക്കപ്പെടുന്നത്.

ഇതോടെ സംസ്ഥാനത്തെ കൂടുതൽ വീടുകളിൽ സോളാർ പ്ലാന്റ് സ്ഥാപിക്കുന്നതിനും കൂടുതൽ പേർക്ക് സബ്സിഡി വിതരണം ചെയ്യുന്നതിനും വഴിയൊരുങ്ങുമെന്ന് സാരം. ഓരോ വർഷവും കേരളത്തിലെ സൗരവൈദ്യുതിയുടെ ഉത്പാദനം കുത്തനെ വർധിക്കുന്നുണ്ട്.

ഇതിലൂടെ സംസ്ഥാനത്തെ പകൽ സമയത്തെ വൈദ്യുതി ആവശ്യത്തിന്റെ 22 ശതമാനം വരെ നിറവേറ്റാൻ സാധിക്കുന്നു.

കൂടുതൽ വായ്പ എടുക്കാനാകും
പിഎം സൂര്യഘർ പദ്ധതിയുടെ ബജറ്റ് പ്രഖ്യാപനങ്ങൾക്കൊപ്പം തന്നെ സംസ്ഥാനങ്ങൾക്കുളളിലെ വൈദ്യുതി വിതരണ ശൃംഖല നവീകരിക്കുന്നതിന് പ്രോത്സാഹനം നൽകുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

എന്നിരുന്നാലും പുതിയ പരിഷ്കരണ നിർദേശങ്ങൾ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അര ശതമാനം അധിക വായ്പ എടുക്കാൻ അനുവദിക്കുമെന്നും ഇത്തവണത്തെ പൊതു ബജറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.

കേരളം ഇത്തരത്തിൽ കഴിഞ്ഞ രണ്ട് വർഷമായി ജിഡിപിയുടെ അര ശതമാനം അധിക വായ്പ എടുക്കുന്നുണ്ട്.

പിഎം സൂര്യഘറിന്റെ പ്രത്യേകത
നേരത്തെയുണ്ടായിരുന്ന നാഷണൽ സോളാർ റൂഫ്ടോപ് പദ്ധതിയുടെ പരിഷ്കരിച്ച പതിപ്പാണ് പിഎം സൂര്യഘർ യോജന. സബ്സിഡി ലഭിക്കുന്നതിനായി കുടുംബത്തിന്റെ വരുമാന പരിധി തടസ്സമാകില്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ ആകർഷക ഘടകം.

അതുപോലെ മൊത്തം ലഭിക്കാവുന്ന സബ്സിഡി തുകയിലും വർധനയുണ്ടായി. നേരത്തെ നിലവിലുണ്ടായിരുന്ന പുരപ്പുറ സോളാർ പദ്ധതിയിൽ, 3 കിലോവാട്ട് ഉത്പാദന ശേഷിയുള്ള സോളാർ പ്ലാന്റിന് 54,000 രൂപയായിരുന്നു സബ്സിഡി തുക അനുവദിച്ചിരുന്നത്.

എന്നാൽ പിഎം സൂര്യഘർ പദ്ധതിയിൽ സബ്സിഡി തുക 78,000 രൂപ വരെയായി ഉയർത്തി നിശ്ചയിച്ചിട്ടുണ്ട്.

X
Top