
ന്യൂഡൽഹി: ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ, ഇരു രാജ്യങ്ങളും തമ്മിൽ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരവുമായി ബന്ധപ്പെട്ട വിഷയത്തിലുൾപ്പെടെയുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ കാരണം വീണ്ടും വൈകാൻ സാധ്യതയുണ്ടെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
നിയമ, അക്കൗണ്ടൻസി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് പ്രൊഫഷണൽ സേവനങ്ങൾക്ക് ഇന്ത്യൻ വിപണികൾ തുറന്നുകൊടുക്കുന്നതിൽ ഉള്ള പുരോഗതി മന്ദഗതിയിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
ആഗ്രഹിക്കുന്നതും ആവശ്യമുള്ളതും തമ്മിൽ വേർതിരിച്ചറിയാൻ ഇന്ത്യ ഇപ്പോൾ പാടുപെടുകയാണെന്ന് റിപ്പോർട്ട് അവകാശപ്പെടുന്നു. നിങ്ങൾ ‘ആഗ്രഹിക്കുന്ന’ കാര്യങ്ങൾ നിങ്ങൾക്ക് ‘ആവശ്യമുള്ള’ ചെലവിൽ ലഭ്യമാക്കുന്നതിന് അമിതമായി ശ്രദ്ധ കൊടുത്താൽ രണ്ടു ലക്ഷ്യവും സാധിക്കാതെ വരും എന്നതാണ് ഏത് ചർച്ചകളിലെയും അപകടസാധ്യത, ഒരു മുതിർന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഈ കരാർ യാഥാർഥ്യമാകുന്നതോടെ, ഒരു വ്യവസായവത്കൃത രാഷ്ട്രവുമായുള്ള ഇന്ത്യയുടെ ആദ്യത്തെ സമഗ്രമായ കരാറായി ഇത് അടയാളപ്പെടുത്തപ്പെടും.
ഈ മാസം അവസാന വാരം ഇന്ത്യയും യുകെയും നിർദിഷ്ട എഫ്ടിഎയിൽ ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് മുന്നിൽ കണ്ട്, ഒക്ടോബർ 28 ന് ഇന്ത്യ സന്ദർശിക്കാനും സ്വപ്നസമാനമായ കരാറിൽ ഒപ്പിടാനും യുകെ പ്രധാനമന്ത്രിക്ക് ഇന്ത്യ ക്ഷണം നൽകിയിരുന്നു.
യുകെ ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡിന്റെ (ഡിബിടി) ഔദ്യോഗിക കണക്കുകൾ പ്രകാരം, യുകെ-ഇന്ത്യ ഉഭയകക്ഷി വ്യാപാരം 2022-ൽ 36 ബില്യൺ പൗണ്ട് മൂല്യമുള്ളതായി കണക്കാക്കുന്നു.
ഇരു രാജ്യങ്ങളും കരാർ ഒപ്പിടാൻ കൂടുതൽ അടുക്കുകയാണെന്നും ചില വ്യത്യാസങ്ങൾ പരിഹരിക്കുകയാണെന്നും സർക്കാർ ഈ മാസം ആദ്യം പറഞ്ഞിരുന്നു. ദുർഘടമായ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവരികയാണെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്വാൾ പറഞ്ഞു.
ചരക്കുകൾ, സേവനങ്ങൾ, നിക്ഷേപങ്ങൾ, ബൗദ്ധിക സ്വത്തവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന 26 അധ്യായങ്ങളാണ് കരാറിലുള്ളത്. ഇതിൽ ഭൂരിഭാഗം വിഷയങ്ങളിലും സമവായമായി കഴിഞ്ഞു.
ശേഷിക്കുന്ന പ്രശ്നങ്ങൾക്കായി, വിവിധ തലങ്ങളിൽ ഉയർന്ന തലത്തിലുള്ള ഇടപഴകലുകൾ നടന്നുകൊണ്ടിരിക്കുന്നു.