ന്യൂഡല്ഹി: ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന് വിദ്യാര്ഥികളുടെ എണ്ണത്തില് വന് വര്ധനവ്. ഉന്നതപഠനത്തിനായി നവംബര് 30 വരെ 6,46,206 ഇന്ത്യന് വിദ്യാര്ഥികള് വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്ക്കാര് ലോക്സഭയില് വ്യക്തമാക്കി.
കോണ്ഗ്രസ് എം.പി രഞ്ജീത് രഞ്ജന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. 2021-ല് വിദേശത്തെത്തിയത് 4.44 ലക്ഷം വിദ്യാര്ഥികളായിരുന്നു. ഒറ്റ വര്ഷം കൊണ്ട് രണ്ട് ലക്ഷം വര്ധനവാണ് വിദ്യാര്ഥികളുടെ എണ്ണത്തിലുണ്ടായത്.
വിദേശത്തേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരങ്ങള് ഉള്പ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്റെ (BoI) കണക്കുകളല്ലാതെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരുടെ മാത്രം കണക്കുകള് ശേഖരിക്കാന് നിലവില് മതിയായ മാര്ഗമില്ലെന്നും മന്ത്രി അറിയിച്ചു.
ഇമിഗ്രേഷന് ക്ലിയറന്സ് സമയത്ത് നല്കിയ രേഖകള് അടിസ്ഥാനപ്പെടുത്തിയാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം നിലവില്‍ കണക്കാക്കുന്നത്. ഈ രീതിയില് 2021-ല് 4,44,553 വിദ്യാര്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത്-സുഭാഷ് സര്ക്കാര് വ്യക്തമാക്കി.
യു.എസും യു.കെയും വിസ ചട്ടങ്ങളില് കൊണ്ടുവന്ന മാറ്റങ്ങളും ഇന്ത്യന് വിദ്യാര്ഥികളെ ആകര്ഷിക്കുന്നതില് പ്രധാനഘടകമായിട്ടുണ്ട്. 2022 ജൂണ് മുതൽ ആഗസ്റ്റ് വരെ മാത്രം 82000 വിസകളാണ് യു.എസ് അനുവദിച്ചത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് യു.കെയിലെ വിദേശവിദ്യാര്ഥികളുടെ എണ്ണത്തില് ഇന്ത്യക്കാരാണ് മുന്നിൽ.